യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവെച്ചു; രാജി ഇ-മെയില്‍ വഴി

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. ഇ -മെയില്‍ വഴിയാണ് കെ.പി.സി.സിക്കും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും രാജിക്കത്ത് അയച്ചു കൊടുത്തത്. അതേസമയം രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് പി.പി.തങ്കച്ചന്‍ പറഞ്ഞു.

കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ പരസ്യ പോരിലായിരുന്നു. മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരസ്യമായി സുധീരന്‍ എതിര്‍ത്തിരുന്നു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (എം)ന് നല്‍കിയതിനെ തുടര്‍ന്ന് സുധീരന്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. സീറ്റ് മാണിക്ക് കൊടുത്തതില്‍ തനിക്കുള്ള കടുത്ത അതൃപ്തി സുധീരന്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് കെപിസിസി തടയുകയും ചെയ്തിരുന്നു.

രാജിവയ്ക്കാനുള്ള കാരണം എന്താണെന്ന് കത്തില്‍ സുധീരന്‍ വ്യക്തമാക്കിയിട്ടില്ല. മാണിക്ക് സീറ്റ് നല്‍കിയതിനെ ചൊല്ലി സുധീരന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ചെവി കൊടുത്തിരുന്നില്ല. മാത്രമല്ല, ഇതിന് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആരും മറുപടി പറയേണ്ടെന്നും തീരുമാനിച്ചിരുന്നു. താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളോടുള്ള കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നിഷേധാത്മക നിലപാടാണ് സുധീരനെ രാജിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

കെപിസിസി പ്രസിഡന്റെന്ന നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ഗ്രൂപ്പുകള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ അദ്ധ്യക്ഷ സ്ഥാനം സുധീരന്‍ രാജിവച്ചത്. പിന്നീട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി പങ്കെടുത്ത യു.ഡി.എഫ് യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular