‘എന്റെ ജീവിതം ഒരിക്കലും ഞാന്‍ സിനിമയാക്കില്ല’, കാരണം വെളിപ്പെടുത്തി സൂപ്പര്‍ താരം

ജീവചരിത്ര സിനിമകളുടെ ട്രെന്‍ഡാണ് ബോളിവുഡില്‍ ഇപ്പോള്‍ കാണുന്നത്. അടുത്തിടെ നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിരണി ഒരുക്കിയ സഞ്ജു ബോക്‌സോഫിസില്‍ മികച്ച വിജയം നേടിയിരുന്നു. സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറാണ് വേഷമിട്ടത്. രണ്‍ബീറിന്റെ അഭിനയത്തിന് കൈയ്യടി ലഭിച്ചതിനൊപ്പം ചിത്രം വിമര്‍ശനങ്ങള്‍ക്കും വിധേയമായി. സഞ്ജയ് ദത്തിന്റെ ഇമേജിനെ നല്ലതാക്കി കാണിക്കാനാണ് ചിത്രം ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം.

മറ്റു ചില ബോളിവുഡ് താരങ്ങളുടെ ജീവിതവും സിനിമയാക്കാനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആരുടെ ജീവിതം സിനിമയായാലും അക്കൂട്ടത്തില്‍ ഒരിക്കലും താനുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍. ‘എന്റെ ജീവിതം ഒരിക്കലും ഞാന്‍ സിനിമയാക്കില്ല. എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകവും ഞാന്‍ എഴുതില്ല’, അക്ഷയ് പറഞ്ഞു.

‘ചരിത്രത്തില്‍ നമ്മളെ അതിശയപ്പെടുത്തുന്ന മറ്റു നിരവധി പേരുണ്ട്. ഉദാഹരണത്തിന് തപന്‍ ദാസ് (അക്ഷയ് കുമാറിന്റെ അടുത്ത സിനിമയായ ഗോള്‍ഡിലെ കഥാപാത്രം), അരുണാചലം മുരുകാനന്ദം (അക്ഷയ് കുമാറിന്റെ പാഡ്മാന്‍ സിനിമയിലെ കഥാപാത്രം) ഇവരൊക്കെ ഇന്ത്യയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചവരാണ്. എന്റെ ജീവിതത്തെക്കുറിച്ചൊരു സിനിമയെടുത്താല്‍ ഞാന്‍ സ്വയം വിഡ്ഢിയാകും. ഞാന്‍ അതിനെക്കുറിച്ച് ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ല. റിയല്‍ ഹീറോകളുടെ ജീവചരിത്രം സിനിമയാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, അക്ഷയ് പറഞ്ഞു.

ജീവചരിത്രത്തിനു പിന്നാലെയാണോ ബോളിവുഡ് സിനിമ എന്ന ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി ഇതായിരുന്നു, ‘ഒരു പ്രമേയത്തെ ആസ്പദമാക്കി ഒരു സിനിമ വിജയിച്ചാല്‍ പിന്നെ എല്ലാവരും അതിനു പുറകേയാണ്. എല്ലാവരും ഒരേ പ്രമേയത്തെ ആസ്പദമാക്കി സിനിമയൊരുക്കും. ഒരു സിനിമ പരാജയപ്പെട്ടാല്‍ പിന്നെ എല്ലാവരും മറ്റെന്തെങ്കിലും തേടിയായിരിക്കും ഓടുക’.

അക്ഷയ് കുമാര്‍ നായകനായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് ഗോള്‍ഡ്. ഇന്ത്യന്‍ ഹോക്കി ടീം ആദ്യമായി ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ നേടിയതിനെക്കുറിച്ചുളളതാണ് സിനിമ. ഹോക്കിയിലെ ഇന്ത്യയുടെ സുവര്‍ണ കാലഘട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular