ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിനീത് പുറത്ത്; താടിയെല്ലിന് പരുക്ക്

കൊച്ചി: മെല്‍ബണ്‍ സിറ്റിക്കെതിരായ ലാലിഗ ഫുട്‌ബോള്‍ പ്രീ സീസണ്‍ ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ സി.കെ വിനീതിന് പരിക്കുമൂലം പ്രീ സീസണ്‍ മത്സരങ്ങള്‍ നഷ്ട്ടമാകും. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് വിനയായത്. താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഐസ്.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകാത്ത വിനീത് ഏറെ പ്രതീക്ഷയോടെയാണ് ലാലിഗ വേള്‍ഡിനെ നോക്കി കണ്ടിരുന്നത്. വിനീതിന്റെ പുറത്താകല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയെ കൂടുതല്‍ ദുര്‍ബലമാക്കും.ഈ മാസം 28ന് നടക്കുന്ന ജിറോണക്കെതിരായ രണ്ടാമത്തെ മത്സരവും താരത്തിന് നഷ്ട്ടമായേക്കും. കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലേക്ക് ഉയരാനാവാതെ പോയ വിനീതിന് പ്രീ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത് കരുത്ത് തെളിയിക്കാനുള്ള മികച്ച അവസരമാണ് ഇതോടെ നഷ്ടമായത്.

24 മുതല്‍ 28 വരെയാണ് ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കൊച്ചിയില്‍ നടക്കുന്നത്. ലാ ലിഗ ക്ലബ് ജിറോണ എഫ് സി, ഓസ്ട്രേലിയ എ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്.സി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനെ കൂടാതെയുളള മറ്റ് ടീമുകള്‍.നാളെയാണ് കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസണ്‍ മത്സരം. ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്‌സും മെല്‍ബണ്‍ സിറ്റിയും തമ്മിലാണ്.

SHARE