വീണ്ടും ഭീതിയോടെ കോഴിക്കോട്‌; നിപ്പയ്ക്ക് പിന്നാലെ ഷിഗെല്ലയും; രോഗം ബാധിച്ച രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വയറിളക്കബാധയെത്തുടര്‍ന്ന് 18ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടിക്ക് ഷിഗെല്ലാ ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ തിരുവനന്തപുരത്തും രണ്ടുപേര്‍ കോഴിക്കോട്ടും. ഷിഗെല്ലെ പ്രത്യേകതരം വയറിളക്ക രോഗമാണ്.മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ, രോഗം പകര്‍ത്തുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശുചിത്വവും തിളപ്പിച്ചാറിച്ച വെള്ളവും ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സൂക്ഷിക്കാനാകും. കിണറുകളില്‍ ക്‌ളോറിനേഷന്‍ നടത്തി ശുദ്ധീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനുമുമ്പും ഇത്തരം രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ ശുചിത്വ പരിപാലനമാണ് ഇതിനെ തടയാനുള്ള പ്രധാനമാര്‍ഗമെന്ന ആരോഗ്യവകുപ്പ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular