ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും മകനേയും ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയില്‍ പട്യാല ഹൗസ് കോടതിയില്‍ പ്രത്യേക സിബിഐ ജഡ്ജി ഒപി സൈനിയുടെ മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ചിദംബരം, മകന്‍ കാര്‍ത്തി എന്നിവരടക്കം 16 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. വിദേശ നിക്ഷേപം അനുവദിക്കാന്‍ രണ്ട് തവണകളായി പണം തിരിമറി നടത്തിയതായി കണ്ടെത്തിയതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ജൂലൈ 31ന് കോടതി കുറ്റപത്രത്തിന്‍മേലുളള നടപടികള്‍ പരിഗണിക്കും. കഴിഞ്ഞയാഴ്ച്ച ചിദംബരത്തിന്റേയും മകന്റേയും അറസ്റ്റ് ഓഗസ്റ്റ് 7 വരെ തടഞ്ഞുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയ എന്ന സ്ഥാപനത്തിനു വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി വഴിവിട്ടു സഹായിച്ചെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിനു വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതി നേടിക്കൊടുത്തപ്പോള്‍ കാര്‍ത്തിക്കു 3.5 കോടി രൂപ കോഴ ലഭിച്ചെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.