ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ഇതുതന്നെ വഴി; തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ മോദി സര്‍ക്കാര്‍ നീക്കം തുടങ്ങി

ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുവാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. 2019 ഏപ്രില്‍–മേയിലാണു സാധാരണ നിലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് പിന്നെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു തിരിച്ചു വരവുണ്ടാവില്ല എന്ന ഭയത്തിലാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനവും, 2019 ന്റെ ആദ്യപാദത്തിലുമായി കാലാവധി പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. വസുന്ധരാ രാജ സിന്ധ്യ ഭരിക്കുന്ന രാജസ്ഥാനില്‍ ബിജെപി പരാജയം ഇപ്പോഴേ സമ്മതിച്ച മട്ടിലാണ്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും സ്ഥിതി വിത്യസ്തമല്ല. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ വ്യക്തി പ്രഭാവം കൊണ്ടു മാത്രം ഇത്തവണയും ജയിച്ചു കേറാന്‍ കഴിയില്ലയെന്ന് വ്യക്തം. കഴിഞ്ഞ രണ്ട് ടേമുകളെ അപേക്ഷിച്ച് ഇത്തവണ ചൗഹാന്‍ അഴിമതി ആരോപണങ്ങള്‍ കൂടി നേരിടുന്നുവെന്നുള്ളത് സ്ഥിതി ഗുരുതരമാക്കുന്നു. മധ്യപ്രദേശിലെ പോലെ തന്നെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പ്രതിച്ഛായ കൊണ്ട് കടന്നു കൂടിയ സംസ്ഥാനമായിരുന്നു ഛത്തീസ്ഗഢ്. പക്ഷേ ഇത്തവണ രമണ്‍ സിങ്ങിന് താഴെയിറങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടം നല്‍കാതെ, മോദിയുടെ നയതന്ത്രവും, കാശ്മീരും പാകിസ്ഥാനും, കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയും, സ്വച്ഛ് ഭാരതവും, പിന്നെ സ്ഥിരം വിഷയമായ അയോധ്യയും വര്‍ഗീയ ധ്രുവീകരണവും ചര്‍ച്ചയാക്കി വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ശ്രമിക്കുന്നത്.

ലോക്‌സഭ–നിയസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചെന്ന ആശയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇടയില്‍ സമവായം ഉണ്ടാക്കാന്‍ കഴിയില്ല എന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ഈ കടമ്പ എങ്ങിനെ കടക്കുമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

2018 ഡിസംബര്‍ മുതല്‍ 2019 നവംബര്‍ വരെയുള്ള കാലയളവില്‍ കാലാവധി തീരുന്ന പതിനൊന്ന് നിയമസഭകളുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

മിസോറം -– ഡിസംബര്‍ 15

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ – ജനുവരി 2019

സിക്കിം – മേയ് 2019

അരുണാചല്‍, തെലങ്കാന, ആന്ധ്ര, ഒഡീഷ –- ജൂണ്‍ 2019

മഹാരാഷ്ട്ര, ഹരിയാന –- നവംബര്‍ 2019

ഈ സംസ്ഥാനങ്ങളില്‍ മൊത്തം 190 ലോക്‌സഭാ മണ്ഡലങ്ങളുണ്ടെന്നുള്ളതു കൂടി കൂട്ടി വായിച്ചാല്‍ ചിത്രം വ്യക്തമാവും. എല്ലായിടത്തും ഒരുമിച്ച് നടത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പുകളെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുവാനുള്ള സാധ്യത ഏറെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular