ചരിത്രമെഴുതി ബെല്‍ജിയം, ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി

മോസ്‌ക്കോ: ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി മൂന്നാം സ്ഥാനം നേടി ബെല്‍ജിയം റഷ്യന്‍ ലോകകപ്പ് അവിസ്മരണീയമാക്കി. മത്സരത്തിലുടനീളം അവര്‍ പുറത്തെടുത്ത ആക്രമണ, കൗണ്ടര്‍ അറ്റാക്ക് ഫുട്ബോളിന്റെ മികച്ച വിജയമാണ് മൈതാനത്ത് കണ്ടത്. തോമസ് മുനിയര്‍, ക്യാപ്റ്റന്‍ ഈദന്‍ ഹസാദ് എന്നിവരാണ് ബെല്‍ജിയത്തിനായി വല ചലിപ്പിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബെല്‍ജിയം മൂന്നാം സ്ഥാനം സ്വന്തമാക്കുന്നത്. 1986ല്‍ നേടിയ നാലാം സ്ഥാനമായിരുന്നു അവരുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അതേസമയം 1990ല്‍ സെമി തോറ്റ് ലൂസേഴ്സ് ഫൈനലില്‍ കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് അന്നും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടാണ് മടങ്ങിയത്. ഇത്തവണയും അത് മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ല. ഈ ലോകകപ്പില്‍ ഇരു ടീമുകളും രണ്ടാം തവണയാണ് ഏറ്റുമുട്ടിയത്. രണ്ട് തവണയും വിജയം ബെല്‍ജിയത്തിനൊപ്പം നിന്നു.

കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ തോമസ് മുനിയറാണ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്. ചാഡ്ലിയുടെ പാസില്‍ നിന്നാണ് മുനിയര്‍ ബെല്‍ജിയത്തിനായി വല ചലിപ്പിച്ചത്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നത് ഇംഗ്ലണ്ടിനെ ബാധിച്ചെങ്കിലും പിന്നീട് കളിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ ബെല്‍ജിയം അക്രമണവും കൗണ്ടര്‍ അറ്റാക്കും ചേര്‍ത്ത കളിയാണ് പുറത്തെടുത്തത്. അതിനിടെ സമനില ഗോള്‍ നേടാനുള്ള ഒരു സുവര്‍ണാവസരം ഇംഗ്ലണ്ടിന് ലഭിച്ചു. എന്നാല്‍ ഗോള്‍ നേടാനുള്ള നായകന്‍ ഹാരി കെയ്നിന്റെ ശ്രമം ഫലം കണ്ടില്ല. കെയ്ന്‍ പന്ത് പുറത്തേക്കടിച്ചു കളയുകയായിരുന്നു. സമാന രീതിയിലുള്ള ഒരവസരം ബെല്‍ജിയത്തിനും ലഭിച്ചെങ്കിലും അക്രോബാറ്റിക്ക് ഷോട്ടിലൂടെ ഗോള്‍ നേടാനുള്ള ടെലിമാന്‍സിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

രണ്ടാം പകുതിയിലും ഇംഗ്ലണ്ട് ആക്രമിച്ച് മുന്നേറിയപ്പോള്‍ പ്രതിരോധം ഭദ്രമാക്കി കൗണ്ടറുകളിലാണ് ബെല്‍ജിയം ശ്രദ്ധിച്ചത്. നിരന്തരം ഗോള്‍ നേടാനുള്ള ഇംഗ്ലണ്ട് ശ്രമങ്ങളെല്ലാം ബെല്‍ജിയം പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി. 69ാം മിനുട്ടില്‍ ഇംഗ്ലണ്ട് ഗോളിന് തൊട്ടടുത്ത് എത്തി. എറിക്ക് ഡയറിന്റെ ഗോള്‍ ശ്രമം ആല്‍ഡര്‍വീല്‍ഡ് അവിശ്വസനീയമാം വിധം രക്ഷപ്പെടുത്തി ബെല്‍ജിയത്തിന്റെ ലീഡ് നിലനിര്‍ത്തി. ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസ് മുന്നിലേക്ക് കയറിയപ്പോള്‍ പന്ത് ബോക്സിലേക്ക് ചെത്തിയിട്ട് ഗോള്‍ നേടാന്‍ ഡയറിന്റെ ശ്രമം. എന്നാല്‍ പന്ത് ബോക്സിലെത്തും മുന്‍പ് അത് തട്ടിക്കളഞ്ഞ് അപകടം ഒഴിവാക്കിയാണ് ആല്‍ഡര്‍വീല്‍ഡ് വിഫലമാക്കിയത്. 82ാം മിനുട്ടില്‍ നായകന്‍ ഈദന്‍ ഹസാദിന്റെ മികച്ച ഫിനിഷിങാണ് അവര്‍ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. പന്തുമായി ഇംഗ്ലീഷ് ബോക്സിലേക്ക് കയറിയ ഹസാദ് പിക്ക്ഫോര്‍ഡിന്റെ പൊസിഷന്‍ കൃത്യമായി മനസിലാക്കി പിഴവില്ലാതെ പന്ത് വലയിലാക്കിയാണ് ബെല്‍ജിയത്തിന്റെ വിജയം ഉറപ്പിച്ചത്.

ടൂര്‍ണമെന്റിലുടനീളം ഇംഗ്ലണ്ട് യുവനിര പുറത്തെടുത്ത മികച്ച പോരാട്ടം അവര്‍ ലൂസേഴ്സ് ഫൈനലിലും ആവര്‍ത്തിച്ചെങ്കിലും ഫിനിഷിങ് പോരായ്മ ടീമിന് തിരിച്ചടിയായി. മൂന്നാം സ്ഥാന പോരില്‍ അവര്‍ പൊരുതിയാണ് വീണത്. മികച്ച ഒരു മധ്യനിര താരത്തിന്റെ അഭാവം ഇംഗ്ലണ്ട് മുന്നേറ്റത്തെ കാര്യമായി ബാധിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular