ആദ്യ ക്ലാപ്പടിച്ച് വിനീത് ശ്രീനിവാസന്‍…! ധ്യാന്‍ ശ്രീനിവാസന്റെ കന്നി സംവിധാന സംരംഭത്തിന്റെ പൂജ

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ലൗ ആക്ഷന്‍ ഡ്രാമയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. നിവിന്‍ പോളി, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ നായികനായകന്മാരായെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ആദ്യ ക്ലാപ്പടിച്ചത്. വിജയ് ബാബു, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിങ്ങനെ സിനിമ മേഖലയിലെ പലരും ചടങ്ങില്‍ സംബന്ധിച്ചു.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കേണ്ടതായിരുന്നു. താരങ്ങളുടെ ഡേറ്റിന്റെ പ്രശ്‌നം മൂലമാണ് നീട്ടിയത്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഷൂട്ടിംഗ് തുടങ്ങിയ ശേഷം പിന്നിടായിരിക്കും നയന്‍താര സെറ്റില്‍ ജോയിന്‍ ചെയ്യുക. അജു വര്‍ഗീസും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്, മറ്റ് താരങ്ങളെ കുറിച്ചു ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ രചിച്ച ചിത്രമായിരുന്നു ‘ ഗൂഢാലോചന’, എന്നാല്‍ തന്റെ രണ്ടാമത്തെ ചിത്രം വലിയ താരനിരയോട് കൂടിയായിരിക്കും അണിയിച്ചൊരുക്കുന്നതെന്നും സൂചന നല്‍കിയിട്ടുണ്ട്.

വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാന്‍ നല്‍കിയ വിശദീകരണം. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.

SHARE