2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ

ഹൈദരാബാദ്: 2019ലെ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസങ്ങളെല്ലാം നീക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. യോഗത്തിലെ തീരുമാനങ്ങള്‍ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം പെരേല ശേഖര്‍ജി മാധ്യമങ്ങളോടു വിശദീകരിച്ചു.

‘വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.’ അമിത് ഷാ പറഞ്ഞതായി ശേഖര്‍ജി പറഞ്ഞു. വെള്ളിയാഴ്ചയാണ് അമിത് ഷാ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഹൈദരാബാദിലെത്തിയത്. സംസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി യോഗം ചേര്‍ന്നശേഷമാണ് അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയത്.

യോഗത്തില്‍ തെലങ്കാനയിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ അമിത് ഷാ അതൃപ്തി രേഖപ്പെടുത്തി. പല ജില്ലകളിലും ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ ഇനിയും രൂപീകരിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ അമിത് ഷാ രോഷാകുലനായി. ആഗസ്റ്റിനു മുമ്പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന് തയ്യാറാവണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് അമിത് ഷാ നല്‍കിയ നിര്‍ദേശം. ബി.ജെ.പി സംസ്ഥാന യൂണിറ്റ് അവിടെ സംഘടിപ്പിച്ച ജന ചൈതന്യ യാത്രയിലും അമിത് ഷായ്ക്ക് തൃപ്തിയില്ല.

യാത്രയുടെ രണ്ടാം ഘട്ടവുമായി മുന്നോട്ടുപോകേണ്ടയെന്നാണ് അമിത് ഷാ നല്‍കിയ നിര്‍ദേശം. പകരം എല്ലാ 109 നിയമസഭാ മണ്ഡലങ്ങളിലും പാര്‍ട്ടി നേതാക്കളും ബൂത്ത് ലെവല്‍ പ്രവര്‍ത്തകരും ബൈക്ക് റാലി നടത്തണമെന്നാണ് അമിത് ഷാ നിര്‍ദേശം നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular