സാമന്ത സിനിമ ജീവിതം അവസാനിപ്പിക്കുമോ? നാഗ ചൈതന്യ മറുപടി പറയുന്നു

വിവാഹം കഴിയുന്നതോടെ സിനിമ ജീവിതം അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുന്ന നടിമാരുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ വിവാഹിതകളായ നടികള്‍ക്ക് കൈ നിറയെ ചിത്രമാണ്. തെന്നിന്ത്യന്‍ സുന്ദരി സൂപ്പര്‍ നായികയായ സാമന്ത വിവാഹിതയാവുന്നത് കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്താണ്. താരത്തിന്റെ പ്രണയം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം സമാന്തയുടെ ആരാധകര്‍ക്കുണ്ടായിരുന്നെങ്കിലും അവരുടെ മനസില്‍ ഒരു സംശയം അവശേഷിച്ചിരുന്നു.

തങ്ങളുടെ പ്രിയ നടി സിനിമ വിട്ട് പോകുമോയെന്ന്. എന്നാല്‍ അങ്ങനെയൊന്നും സിനിമ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് സാമന്തയുടെ വിവാഹത്തിന് ശേഷമുള്ള കരിയര്‍ ഗ്രാഫ്. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ വിവാഹം കഴിഞ്ഞതിന് ശേഷം താരത്തിന് കൈനിറയെ ചിത്രങ്ങളായിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള മഹാനടിക്ക് ശേഷം ശിവകാര്‍ത്തികേയന്റെ കൂടെയുള്ള സീമ രാജ, വിജയ് സേതുപതിക്കൊപ്പമുള്ള സൂപ്പര്‍ ഡിലക്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ്. കൂടാതെ തെലുങ്കില്‍ ഭര്‍ത്താവ് നാഗ ചൈതന്യയ്ക്കൊപ്പവും ഒരു ചിത്രം ചെയ്യുന്നുണ്ട്.

ഇത്രത്തോളം ചിത്രങ്ങള്‍ കൈയിലുണ്ടെങ്കിലും ആരാധകരുടെ സംശയത്തിന് കുറവുണ്ടായിട്ടില്ല. സാമന്ത സിനിമ ജീവിതം അവസാനിപ്പിക്കുമോ എന്ന ചോദ്യം അവര്‍ ആവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് സാമന്തയുടെ ഭര്‍ത്താവ് നാഗ ചൈതന്യ. അവള്‍ ഒരിക്കലും സിനിമ ഉപേക്ഷിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ ഒരുപാട് ചിത്രങ്ങളുമായി തിരക്കിലാണ് സാം. ചിലപ്പോള്‍ കുറച്ചുനാള്‍ മാറിനിന്നെന്നു വരാം. എങ്കിലും സിനിമ ഉപേക്ഷിക്കില്ല ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

SHARE