ഐഎസ്ആര്‍ഒ ചാരക്കേസ്; നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തതെന്നും അത്തരമൊരു നടപടിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തിന് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.

എത്ര നല്‍കണം, എങ്ങിനെ നല്‍കണം എന്നുളള കാര്യങ്ങള്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം നല്‍കേണ്ടത് ഉദ്യോഗസ്ഥരല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. എന്നാല്‍ പുനരന്വേഷണം ആവശ്യമാണെന്ന് സിബിഐ വാദിച്ചു. പുനരന്വേഷണമാണോ നഷ്ടപരിഹാരമാണോ വേണ്ടതെന്നായി ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ ചോദ്യം. ഇതേ തുടര്‍ന്ന് പുനരന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ആകാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് വിധി പറയാന്‍ മാറ്റി.

മാലി സ്വദേശിനി മറിയം റഷീദ മുഖേന ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ശാസ്ത്രജ്ഞരായ ഡോ.നമ്പി നാരായണനും ഡോ.ശശികുമാറും ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ചാരക്കേസ്. കേസില്‍ 1994 നവംബര്‍ 30നാണ് നമ്പി നാരായണനെ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എന്നാല്‍ പിന്നീട് ഈ കേസ് ഏറ്റെടുത്ത സിബിഐ ചാരക്കേസ് വ്യാജമാണെന്നും ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേസന്വേഷണം അവസാനിപ്പിച്ച് മുന്‍ സര്‍ക്കാര്‍ നിലപാടെടുത്തു. ഇതേ തുടര്‍ന്നാണ് സിബി മാത്യൂസ് അടക്കമുളള ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാവിയെയും ഐഎസ്ആര്‍ഒയുടെ പുരോഗതിയെയും ബാധിച്ചെന്ന് നമ്പി നാരായണന്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും നിരസിച്ചാണ് താന്‍ രാജ്യത്തെ സേവിക്കാനെത്തിയതെന്നും അങ്ങിനെയുളള തന്റെ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. നമ്പി നാരായണന്റെ പേരിലുള്ള കേസ് തെറ്റാണെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കി. കോടതി ഇത് അംഗീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular