തിരുവനന്തപുരം: താര സംഘടനയായ അമ്മയില്‍ നിന്നും നടിമാര്‍ രാജിവെച്ചതിനെ പിന്തുണച്ച് ബിജെപി നേതാവ് വി മുരളീധരന്‍ എംപി. മോഹന്‍ലാല്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. അമ്മയുടെ ഈ തീരുമാനം മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും മുരളീധരന്‍ പറഞ്ഞു.
മലയാളികളുടെ ജനാധിപത്യ ബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എല്ലാവരും തുല്യര്‍ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലര്‍ മറ്റുള്ളവരെക്കാള്‍ വലിയവര്‍ എന്ന സ്ഥിതിയാണ് അമ്മയില്‍ നിലനില്‍ക്കുന്നത് എന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍ അധ്യക്ഷനെന്ന നിലയില്‍ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ അഭ്യര്‍ത്ഥിക്കാനുള്ളതെന്നും വി മുരളീധരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്.