ബുക്ഹാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുഖപ്രസംഗം ഇല്ലാതെ പത്രം പുറത്തിറക്കി മാധ്യമങ്ങള്‍

ശ്രീനഗര്‍: റൈസിങ്ങ് കശ്മീര്‍ പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സുജത് ബുക്ഹാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ മാധ്യമങ്ങള്‍ മുഖപ്രസംഗം ഒഴിച്ചിട്ട് പത്രം പുറത്തിറക്കി. പതിറ്റാണ്ടിന് ശേഷമാണ് മുഖപ്രസംഗമില്ലാതെ ജമ്മുവില്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.

ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍, കശ്മീര്‍ ഒബ്സര്‍വര്‍ എന്നീ മാധ്യമങ്ങളും ബുക്ഹാരിയുടെ റൈസിങ്ങ് സ്റ്റാറുമാണ് ഇത്തരത്തില്‍ പ്രതിഷേധം അറിയിച്ചത്. ഇതിന് പുറമെ ഉര്‍ദ്ദു ദിനപ്പത്രമായ ഡെയിലി തംലീല്‍ ഇര്‍ഷാദ് മുതലായ പത്രങ്ങളും ഇത്തരത്തില്‍ പ്രതിഷേധിച്ചിരുന്നു. ഈദിനെത്തുടര്‍ന്നുള്ള അവധിക്ക് ശേഷം പുറത്തുവന്ന ചൊവ്വാഴ്ചത്തെ ദിനപത്രത്തിലാണ് ഇത്തരത്തില്‍ മുഖപ്രസംഗമില്ലാതെ പുറത്തുവന്നത്.

ജൂണ്‍ 14നാണ് ബുക്ഹാരിയും സുരക്ഷാ ഉദ്യോഗസ്ഥനും അജ്ഞാതന്റെ വെടിയേറ്റ്് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ പത്രസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ജമ്മുകശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ തിങ്കളാഴ്ച മൗനജാഥ നടത്തുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular