ഐ.എ.എസ് ഉദ്യോഗസ്ഥരുമായുള്ള വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു, കെജ്രിവാള്‍ ധര്‍ണ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തിവന്നിരുന്ന ധര്‍ണ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവസാനിപ്പിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നു പോരുന്ന നിസ്സഹകരണ നയത്തില്‍ ഇടപെടാമെന്ന് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് എട്ടു ദിവസമായി തുടര്‍ന്നു പോന്നിരുന്ന സമരം കെജ്രിവാള്‍ അവസാനിപ്പിച്ചത്.

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്നും, ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ഭിന്നത ചര്‍ച്ചകളിലൂടെ പറഞ്ഞു തീര്‍ക്കണമെന്നും ഗവര്‍ണര്‍ ഇന്നു കെജ്രിവാളിനയച്ച കത്തില്‍ പറയുന്നു. ഉദ്യോഗസ്ഥരടെ സമരത്തില്‍ നേരിട്ട് ഇടപെടാമെന്ന് ഗവര്‍ണര്‍ കത്തില്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമരമവസാനിപ്പിക്കാന്‍ തയ്യാറായത്.

ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധത്തിലുള്ള സുരക്ഷയും ഉറപ്പുവരുത്തുമെന്നു കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. സംരക്ഷണമുറപ്പു വരുത്തുമെങ്കില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നു കാണിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥരും പ്രതികരിച്ചിരുന്നു.

ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതു കാരണം ദല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണെന്നും, പ്രശ്നത്തില്‍ ഗവര്‍ണറുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നും കാണിച്ച് ജൂണ്‍ 11നാണ് കെജ്രിവാളും ക്യാബിനറ്റ് മന്ത്രിമാരും ധര്‍ണ ആരംഭിക്കുന്നത്. എട്ടു ദിവസത്തിനിടയില്‍ ഒരിക്കല്‍ പോലും ഗവര്‍ണര്‍ ഇവരെ കാണാന്‍ തയ്യാറായിരുന്നില്ല.

സമരത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍ എന്നീ മന്ത്രിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമരത്തെ അനുകൂലിച്ചുകൊണ്ട് പിണറായിയടക്കം നാലു മുഖ്യമന്ത്രിമാര്‍ മുന്നോട്ടു വന്നതും, പ്രതികൂലിച്ചു കൊണ്ട് ദല്‍ഹി ഹൈക്കോടതി പ്രസ്താവനയിറക്കിയതും ചര്‍ച്ചയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular