കേരളത്തിലേക്ക് കൊണ്ടുവന്ന 6000 കിലോ മത്സ്യം തിരിച്ചയച്ചു

പാറശ്ശാല: കേരളത്തിലേക്ക് കൊണ്ടുവന്ന ആറായിരം കിലോ മീന്‍ ഭക്ഷ്യസുരക്ഷാവിഭാഗം പിടികൂടി തിരികെ അയച്ചു. പ്രാഥമിക പരിശോധനയില്‍ മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുള്ളതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് ലോഡ് മടക്കി അയച്ചത്. ശനിയാഴ്ച അമരവിള ചെക്‌പോസ്റ്റിന് സമീപം മിന്നല്‍ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് ആന്ധ്രയില്‍നിന്ന് എത്തിയ മീന്‍ പിടികൂടിയത്.

ശനിയാഴ്ച പുലര്‍ച്ച രണ്ട് മണിയോട് കൂടിയാണ് ആന്ധ്രയില്‍നിന്ന് ലോറി എത്തിയത്. ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികപരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാഹനം ഭക്ഷ്യ സുരക്ഷാസംഘം കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബിലെത്തിച്ച് വിശദമായ പരിശോധന നടത്തിയപ്പോള്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്ന് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുശേഷം വാഹനം ആന്ധ്രയിലേക്ക് മടക്കി അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ലാബിലെ പരിശോധനയില്‍ ഫോര്‍മാലിന്‍ കണ്ടെത്താന്‍ സാധിച്ചില്ലായെങ്കിലും പ്രാഥമികമായി നടത്തിയ സ്ട്രിപ്പ് പരിശോധനയില്‍ ഇക്കാര്യം കണ്ടെത്തിയതിനാലാണ് മീന്‍ തിരികെ അയച്ചതെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ മിനി അറിയിച്ചു. വാഹനത്തില്‍ നിന്നും ശേഖരിച്ച് മീന്‍ വിശദ പരിശോധനയ്ക്കായി ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്ക് അയച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular