യുവനടിമാരെ ഉപയോഗിച്ച് പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തിയ സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍

ഷിക്കാഗോ: യുവനടിമാരെ ഉപയോഗപ്പെടുത്തി അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍. തെലുഗു വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം.കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിലില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ഇവര്‍ക്കെതിരേ ഷിക്കാഗോ ജില്ലാ കോടതിയില്‍ പോലീസ് 42 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചു. തെലുങ്ക് സിനിമാ ലോകത്തുനിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയില്‍ പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തുകയായിരുന്നെന്നു പോലീസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്ന അവസരത്തില്‍ ആറു പെണ്‍കുട്ടികള്‍ ഷിക്കാഗോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ഒരിക്കല്‍ യുഎസില്‍ എത്തുന്ന നടിമാരെ പിന്നീട് ഭീഷണിപ്പെടുത്തി ഉപയോഗിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. പെണ്‍കുട്ടികളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ബുക്ക് കിഷന്റെ ഭാര്യ ചന്ദ്ര സൂക്ഷിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായ ദന്പതികളുടെ രണ്ടു കുട്ടികളെ വിര്‍ജീനിയയിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി.

SHARE