കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചു പേര്‍ മരിച്ചു, മലബാറില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് അഞ്ചു പേര്‍ മരിച്ചു. കട്ടിപ്പാറ കരിഞ്ചോല സ്വദേശിയായ സലീമിന്റെ മക്കളായ ദില്‍ന ഫാത്തിമ (9), മുഹമ്മദ് ഷഹബാസ് (മൂന്നു വയസ്സ്), കരിഞ്ചോല സ്വദേശി ജാഫറിന്റെ മകന്‍ മുഹമ്മജ് ജാസിം (5), അബ്ദുറഹ്മാന്‍ കരിഞ്ചോല (60) എന്നിവരാണ് മരിച്ചത്. ഒരാളുടെ പേരു ലഭ്യമായിട്ടില്ല. ഇവരുടെ മൃതദേഹങ്ങള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരുക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

കട്ടിപ്പാറയില്‍ പുലര്‍ച്ചെ 3.20നാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. നാലര- അഞ്ചു മണിയോടെ വീണ്ടും ശക്തിയോടെ ഉരുള്‍പൊട്ടി. ഈ ഭാഗത്ത് അഞ്ച് വീടുകളാണുള്ളത്. ഇതെല്ലാം പൂര്‍ണമായും മണ്ണിനടിയിലാണ്. അബ്ദുറഹ്മാന്‍, ഹസന്‍, അബ്ദുറഹ്മാന്‍, അബ്ദുസ്സലീം എന്നിവരുടെ വീടുകളാണ് മണ്ണിനടിയിലായത്.

ഈ വീടുകളിലുള്ളവര്‍ക്കു വേണ്ടിയാണ് തെരച്ചില്‍ തുടരുന്നത്. ഇതില്‍ ഹസന്റെ വീട്ടില്‍ നോമ്പുതുറയ്ക്കു വേണ്ടി ബന്ധുക്കളും എത്തിയിരുന്നു. അതുകൊണ്ട് തന്നെ എത്രപേര്‍ പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.

SHARE