കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ..? കേരളാ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കോടിയേരി

കോട്ടയം: കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ കോട്ടയത്തിന് എംപി ഇല്ലാതാകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നില്‍ കുത്തിയതിന്റെ വേദന മറന്നാണോ മാണി യുഡിഎഫിലേക്കു മടങ്ങിയതെന്നും കോടിയേരി ചോദിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണ്. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് തകരും.

ഒരു വര്‍ഷത്തേക്ക് കോട്ടയത്ത് എംപി ഇല്ലാത്ത സ്ഥിതിയാണ് വരാന്‍പോകുന്നത്. ഇതോടെ ഏഴു കോടി രൂപയുടെ ആസ്തി വികസന ഫണ്ട് കോട്ടയത്തിന് നഷ്ടപ്പെടും. ഇത് കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് ഒഴിവാക്കാന്‍ കോട്ടയത്ത് ഉപതിരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടത്. കേരളാ കോണ്‍ഗ്രസ് ഇതിന് തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നടക്കുന്നത് സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കലഹമാണ്. അതില്‍ ഇടപെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജ്യസഭയിലേക്ക് മൂന്നാമതൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നും കോടിയേരി പറഞ്ഞു.

SHARE