ദിലീപിന് ക്ലീന്‍ ചിറ്റ്‌; ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം; റിപ്പോര്‍ട്ട് കൈമാറിയത് അനുപമ എത്തുമുന്‍പ്‌

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ ഭൂമി കൈയേറിയിട്ടില്ലെന്നു ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ സര്‍വേ ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈയേറ്റമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്റ്റര്‍ കൗശിഗനാണ് അന്വേഷണ റിപ്പോര്‍ട്ട് സര്‍വേ ഡയറക്റ്റര്‍ക്ക് കൈമാറിയത്.

തൃശൂര്‍ ജില്ലാ കലക്റ്ററായി ടി.എസ്. അനുപമ ചാര്‍ജെടുക്കുന്നതിനുമുന്‍പായാണ് ഇതിനുവേണ്ട നടപടികള്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന. ആലപ്പുഴയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരേ ശക്തമായ നടപടി സ്വീകരിച്ച അനുപമ തൃശൂരില്‍ കഴിഞ്ഞ ദിവസമാണ് ചാര്‍ജ് എടുത്തത്.

ഡി സിനിമാസ് തിയറ്റര്‍ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. ദിലീപ്, മുന്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയ എന്നിവരെ എതിര്‍കക്ഷികളാക്കി പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനത്തത്തുടര്‍ന്നായിരുന്നു നടപടി.

സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റു മാത്രമാണ് കൈയേറിയതെന്നും ഇതില്‍ ക്ഷേത്രം അധികാരികള്‍ക്കു പരാതിയില്ലെന്നും നേരത്തെ അന്വേഷണം നടത്തിയ ജില്ലാ സര്‍വേ സൂപ്രണ്ട് നേരത്തെ ജില്ലാ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏതാണ്ട് ഇതിനു സമാനമായ റിപ്പോര്‍ട്ടായിരുന്നു കോടതിയില്‍ വിജിലന്‍സും സമര്‍പ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular