മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റാകുമെന്ന് സൂചന; സംഘടനക്കെതിരെ പരസ്യ പ്രതികരണം നടത്തിയ പൃഥ്വിരാജിനും രമ്യാ നമ്പീശനും എതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തില്‍ അടിമുടി അഴിച്ചുപണി നടത്താന്‍ ഒരുങ്ങുന്നതായി വിവരം. പ്രസിഡന്റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്നാണ് സൂചന. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം. ഈ മാസം 24ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായാണ് ഈ മാസം അമ്മ ജനറല്‍ ബോഡി വിളിച്ചിരിക്കുന്നത്.

അമ്മയുടെഇപ്പോഴത്തെ പ്രസിഡന്റായ ഇന്നസെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കുന്നതെന്നാണ് സൂചന. എന്നാല്‍ മറ്റൊരാള്‍ ഇതേ സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ താന്‍ പിന്മാറുമെന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കുന്ന ഇടവേള ബാബുവിന്റെയും നിലപാട് ഇതു തന്നെയാണ്.

അതേസമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ച അഭിനേതാക്കളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേ അച്ചടക്ക നടപടി കൈക്കൊള്ളാനും ധാരണയായതായാണ് അറിയുന്നത്. ജനറല്‍ ബോഡി യോഗത്തില്‍ വച്ചാവും അച്ചടക്ക നടപടി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

Similar Articles

Comments

Advertismentspot_img

Most Popular