സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; ഒരു വര്‍ഷംകൊണ്ട് 10 ലക്ഷം അംഗങ്ങള്‍

കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) എന്ന മദ്യപാനികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും അംഗങ്ങളാണെന്നതാണ് ഗ്രൂപ്പിന്റെ മറ്റൊരു സവിശേഷത. വെറും മദ്യപാന വിശേഷങ്ങള്‍ മാത്രമല്ല, ഭക്ഷണ രീതികള്‍, യാത്രകള്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഈ ഗ്രൂപ്പില്‍ ദിനവും ചര്‍ച്ച ചെയ്യുന്നത്. പത്ത് ലക്ഷത്തിലധികം അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ ഇപ്പോഴുള്ളത്.

വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് ഏറ്റവുമധികം അംഗങ്ങളുള്ള ലോകത്തിലെ ഇരുപത്തിയഞ്ചാമത്തെ ഗ്രൂപ്പായി മാറാന്‍ ജിഎന്‍പിസിക്ക് കഴിഞ്ഞു. നിലവില്‍ ലോകത്തിലെ ഏറ്റവുമധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ജിഎന്‍പിസിയാണ്. തിരുവനന്തപുരത്ത് ബിസിനസുകാരനും ഫുഡ് വ്ളോഗറുമായ അജിത്ത് കുമാറാണ് ജിഎന്‍പിസി എന്ന ഗ്രൂപ്പിന്റെ അഡ്മിന്‍.

2017 മെയ് ദിനത്തിലാണ് ഇത്തരമൊരു ഗ്രൂപ്പ് തുടങ്ങുന്നതിനെ കുറിച്ചുള്ള ചിന്ത മനസിലേക്ക് കടന്നുവന്നതെന്ന് അജിത് കുമാര്‍ പറയുന്നു. അതിന് കാരണമായത് ഭാര്യയുടെ ചോദ്യമായിരുന്നു. ഡ്രൈ ഡേ ആയ മെയ് ദിനത്തില്‍ തലേന്ന് കഴിച്ചതിന്റെ ബാക്കി ഒരു ബിയറുമെടുത്ത് ഇരിക്കുമ്പോള്‍ ഭാര്യ കളിയാക്കി ചോദിച്ചു, ”ഇന്ന് ഇതും നോക്കിയിരിക്കാനല്ലേ പറ്റൂള്ളു, എന്തായാലും പുറത്തൊന്നും പോകേണ്ട, അതും അടിച്ച് ഫേസ്ബുക്കും നോക്കി ഇരുന്നോ” എന്ന്.

ചുമ്മ കുറച്ച നേരം ഫേസ്ബുക്കില്‍ ചിലവഴിച്ചപ്പോളാണ് ട്രാവലിനും ഫുഡിനും ഒക്കെ ഫേസ്ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ടല്ലോ, എന്തുകൊണ്ടാണ് അല്‍പം കഴിക്കുന്നവര്‍ക്ക് മാത്രം ഒരു വേദി ഇല്ലാത്തതെന്ന്. അങ്ങനെയാണ് ജിഎന്‍പിസിയ്ക്ക് തുടക്കമായത്. പിന്നെ ഫ്രണ്ട്ലിസ്റ്റിലെ എണ്ണൂറ് പേരേയും ആഡ് ചെയ്ത് മെയ് 1ന് ഗ്രൂപ്പ് ആരംഭിച്ചു. ഗ്രൂപ്പിലെ സുഹൃത്തുക്കളോട്, ഒരു പോസ്റ്റില്‍ പറഞ്ഞു, ‘നിങ്ങള്‍ യാത്ര ചെയ്യുമ്പോഴും, വല്ലപ്പോഴും രണ്ടെണ്ണമടിക്കുമ്പോഴുമുള്ള ചിത്രങ്ങളും ചെറിയ കുറിപ്പോടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാന്‍. പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. അന്ന് തന്നെ ആയിരത്തി ഒരുനൂറായി അംഗങ്ങള്‍. 2018 മെയ് 24 വരെ 75,000 അംഗങ്ങളായിരുന്നു ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.

ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികം മെയ് ദിനത്തിലായിരുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം കൂട്ടണമെന്ന ഒരു പോസ്റ്റാണ് ഗ്രൂപ്പിന്റെ ഭാവി തന്നെ മാറ്റിമറിച്ചത്. ‘മെയ് ദിനത്തിലാണ് നമ്മുടെ ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികം. അത് നമുക്കൊന്ന് ആഘോഷിക്കാം. അതിന് മുമ്പായി നമ്മുക്ക് ഗ്രൂപ്പ് അംങ്ങളുടെ എണ്ണം ഒരു ലക്ഷം ആക്കിയാലോ. എല്ലാവരും കുറച്ച് സുഹൃത്തുക്കളെ ആഡ് ചെയ്യണേ’. ഇതായിരുന്നു ആ പോസ്റ്റ്. ഏപ്രില്‍ 24നായിരുന്നു ഈ പോസ്റ്റിട്ടത്. 75,000 പേരും 10 ഉം 16 ഉം പേരെ വെച്ച് ആഡ് ചെയ്തു. പെട്ടന്ന് നാല് ലക്ഷം പേരായി. ചില ദിവസങ്ങളില്‍ ഒന്നരലക്ഷം അംഗങ്ങള്‍ വരെ ചേര്‍ന്നിട്ടുണ്ട്. ആറ് ലക്ഷത്തിന്റെ സെലിബ്രേഷന്‍ എന്ന് പറഞ്ഞ് പോസ്റ്ററടിച്ചപ്പോളേക്കും എട്ട് ലക്ഷമായി അംഗങ്ങള്‍. പിന്നെ 9 ലക്ഷം അംഗങ്ങളായതിന്റെ ആഘോഷമാണ് തിരുവനന്തപുരത്ത് മെയ് 26 ന് നടന്നത്.

സംവിധായകന്‍ സോഹന്‍ റോയി ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ള ഇന്ത്യയിലെ പതിമൂന്നാമത്തെ ഗ്രൂപ്പാണ് ഇപ്പോള്‍ ജിഎന്‍പിസി. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ മൂന്ന് ഉച്ചവരെ ആയപ്പോള്‍ അംഗങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെയാണ് ഒരോ ദിവസവും അപ്രൂവലിനായി വരുന്ന പുതിയ പോസ്റ്റുകള്‍.

നിലവില്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഗ്രൂപ്പ് അംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്. അത് ഏകോപിപ്പിച്ച്, കൃത്യമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നതാണ് ഗ്രൂപ്പിന്റെ ഇനിയുള്ള ലക്ഷ്യം. മദ്യപാനത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത്തരത്തിലുള്ള ആളുകളെ സാമ്പത്തികമായി സഹായിക്കുന്നതിന് മുന്‍ഗണന നല്‍കാനും ആലോചനയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular