സജി ചെറിയാന്റെ മുന്നേറ്റം തന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടിയെന്ന് ശോഭന ജോര്‍ജ്; സജി ചെറിയാന്‍ 16282 വോട്ടുകള്‍ക്ക് മുന്നില്‍

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ മുന്നേറ്റം എന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടിയെന്ന് ശോഭന ജോര്‍ജ്. നേരത്തെ യുഡിഎഫിനെതിരെ കടുത്ത ആരോപണവുമായാണ് ശോഭന ജോര്‍ജ് എല്‍ഡിഎഫില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ശോഭന തുറന്നടിച്ചിരുന്നു.

തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണെന്ന് ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ആരോപിച്ചത്.’പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. രമേശിന്റെ ലക്ഷ്യം താനാണോ ലീഡറോ എന്നറിയില്ല.’

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി ശോഭനാ ജോര്‍ജ്ജ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനെതിരെയും ശോഭന രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വളരണമെങ്കില്‍ ആരുടെയെങ്കിലും ഓമനയാവണമെന്ന് ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ടശേഷം പലതരത്തിലുള്ള ആക്ഷേപങ്ങളും തനിക്കെതിരെ ഉണ്ടായി. ഇനി അതിനാരും മുതിരില്ല. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയം ഉറപ്പാണ്. എറണാകുളത്ത് ഡോ. സെബാസ്റ്റ്യന്‍ പോള്, തിരുവല്ലയില്‍ പ്രൊഫ.വര്‍ഗീസ് ജോര്‍ജ്, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെ പ്രചാരണത്തില്‍ പങ്കു വഹിച്ചതും അവര്‍ അനുസ്മരിച്ചു. കെ. കരുണാകരന്‍ കഴിഞ്ഞാല്‍ ഇഷ്ടനേതാവ് പിണറായി വിജയനാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള കാര്യവും ശോഭന വ്യക്തമാക്കിയിരുന്നു.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരും എല്‍ഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വര്‍ഷത്തെ എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാന്‍ നടന്നടുക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular