ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍

ചെങ്ങന്നൂര്‍: രാഷ്ട്രീയകേരളം ഉറ്റ് നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി മുന്നണികള്‍. തിങ്കളാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമായാണ് കണ്ടത്. അതിനാല്‍ തന്നെ എല്ലാ വീറും വാശിയും നിറഞ്ഞതായിരുന്നു പ്രചാരണം. മൂന്നു പാര്‍ട്ടിയുടെയും കേന്ദ്ര സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചത്.

ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ പ്രചരണം തുടങ്ങിയിരിന്നു. രാമചന്ദ്രന്‍ നായര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളായിരുന്നു എല്‍ഡിഎഫിന്റെ ആദ്യ തുറപ്പ് ചീട്ട്. വിജയകുമാറിന് മണ്ഡലത്തില്‍ വ്യക്തിപരമായുള്ള സ്വാധീനമായിരുന്നു യുഡിഎഫിന്റെ കരുത്ത്. ബിജെപിക്ക് മുതല്‍ കൂട്ട് ശ്രീധരന്‍പിള്ളയുടെ വ്യക്തിപരമായ ഇമേജും. പിന്നീട് വീണ് കിട്ടിയതും അല്ലാത്തതുമായ രാഷ്ട്രീയ വിഷയങ്ങള്‍ മുന്നണികള്‍ പ്രചരണ രംഗത്ത് ഉപയോഗപ്പെടുത്തി. കസ്റ്റഡി കൊലപാതകവും രാഷ്ട്രീയ കൊലപാതകവും എല്‍ഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും വ്യാപകമായി ഉപയോഗിച്ചു.

കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തിന് പിന്നാലെ തന്നെ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പ്രതീക്ഷിച്ച തെരഞ്ഞെടുപ്പ് നീണ്ടെങ്കിലും അണികളില്‍ ആവേശം കുറഞ്ഞില്ല. കഴിഞ്ഞ മാസം അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മണ്ഡലം കൂടുതല്‍ സജീവമായി. അങ്ങനെ ഒരു മാസത്തോളം നീണ്ട പ്രചരണമാണ് ഇന്നവസാനിക്കുന്നത്..

വൈകിട്ട് അഞ്ച് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. ചെങ്ങന്നൂരിലെ 10 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും കൊട്ടിക്കലാശം ഉണ്ടാകും. പരസ്യപ്രചരണത്തിന്റെ അവസാന നിമിഷം കേങ്കേമമാക്കാനുള്ള നീക്കങ്ങള്‍ എല്ലാ മുന്നണികളും നടത്തുന്നുണ്ട്. പരസ്യ പ്രചരണം അവസാനിക്കുന്നതോടെ മാസങ്ങളായി മണ്ഡലത്തില്‍ തങ്ങി പ്രചരണത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ മടങ്ങും. മറ്റന്നാള്‍ നിശബ്ദ പ്രചരണത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് പോളിംങ് ആരംഭിക്കുന്നത്. 31 നാണ് വോട്ടെണ്ണല്‍.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഇന്ന് വൈകിട്ട് സമാപനം. എല്‍.ഡി.എഫിന് ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നതിനാല്‍ എന്തു വില കൊടുത്തും വിജയിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. സംസ്ഥാന മന്ത്രിസഭ തന്നെ ചെങ്ങന്നൂരിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ രണ്ടു ദിവസമായി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

SHARE