12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു; രണ്ടു പേരുടെ നില ഗുരുതരം, വൈറസ് ബാധ പരിശോധിക്കാന്‍ എയിംസില്‍ നിന്നുള്ള സംഘം ഇന്നെത്തും

കോഴിക്കോട്: സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കാണ് നിപ്പ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 12 പേരില്‍ പത്ത് പേരും മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് മരിച്ച രണ്ട് പേര്‍ക്കും നിപ്പ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച നഴ്സ് ലിനിയ്ക്കും നിപ്പ ബാധിച്ചിരുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

മലപ്പുറത്ത് വൈറല്‍ പനി ബാധിച്ചവര്‍ക്കും നിപ്പ സ്ഥിരീകരിച്ചു. വൈറസ് ബാധ പരിശോധിക്കാന്‍ എയിംസില്‍ നിന്നുള്ള സംഘം ഇന്നെത്തും. നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കില്ല വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.

നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 2 പേരാണ് ഇന്ന് മരിച്ചത്. കോഴിക്കോട് പേരാമ്പ്ര കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു രാജന്‍. നിപ്പ വൈറസിനെതിരെ ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകളും വാക്‌സിനും ലഭ്യമല്ലാത്തതുകൊണ്ട് പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍േകണ്ടത്.

മൃഗങ്ങളുമായി അടുത്തിടപഴകേണ്ടിവരുമ്പോള്‍ ശരിയായ വ്യക്തിശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴും അതിശ്രദ്ധയുണ്ടാകണം. രോഗിയെ പരിചരിച്ചശേഷം കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകണം. രോഗിയെ ശുശ്രൂഷിക്കുമ്പോള്‍ കൈയുറകള്‍ക്കും മാസ്‌കിനുമൊപ്പം കണ്ണിനു സംരക്ഷണം ലഭിക്കാനായി അതിനുള്ള കണ്ണടകളും ധരിക്കണം.

പരിചരിക്കുന്നവരുടെ ശരീരത്തിലും മറ്റും രോഗിയുടെ ശരീരദ്രവങ്ങള്‍ പറ്റാന്‍ സാധ്യതയുള്ളതുകൊണ്ട് രോഗിയുമായി ഇടപെടുമ്പോള്‍ ഗൗണ്‍ ധരിക്കണം. വായുകണങ്ങളില്‍നിന്ന് 95 ശതമാനം സംരക്ഷണം നല്‍കുന്ന എന്‍95 മാസ്‌കുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കൈയുറകള്‍ നീക്കം ചെയ്യുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ അണുനാശിനികളായ ക്ലോര്‍പോക്‌സിഡിന്‍, ആല്‍ക്കഹോള്‍ എന്നിവ അടങ്ങിയ ശുചീകരണലായനികള്‍കൊണ്ടോ കൈകള്‍ വൃത്തിയാക്കണം. രോഗിയുടെ വസ്ത്രം, കിടക്കവിരി, ചികിത്സാ ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ സുരക്ഷിതമായി കൈകാര്യം ചെയ്യണം. കഴിയുന്നതും ഒറ്റത്തവണ ഉപയോഗിച്ചശേഷം ഉപേക്ഷിക്കാവുന്നതരത്തിലുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുക.

രോഗിയില്‍നിന്ന് രോഗപ്പകര്‍ച്ച ഒഴിവാക്കാനായി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവല്‍കൊണ്ട് മൂക്കും വായും അടച്ചുപിടിക്കണം. രോഗം പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യങ്ങളില്‍ അനാവശ്യ ആശുപത്രിസന്ദര്‍ശനങ്ങള്‍ ഒഴിവാക്കാം. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്കു മുതിരാതെ വൈദ്യസഹായം തേടണം.

SHARE