കൊച്ചി: കര്‍ണാടക തെരഞ്ഞെടുപ്പ് നാടകീയ സംഭവങ്ങളിലേക്ക് വഴിമാറവെ വ്യത്യസ്തമായ പരസ്യവുമായി കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍. രാഷ്ട്രീയ കുതിരക്കച്ചവടം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കര്‍ണാടകയിലെ എം.എല്‍.എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് തയ്യാറാണെന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘വാശിയേറിയ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം, എല്ലാ എം.എല്‍.എമാരെയും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടിലേക്ക് ക്ഷണിക്കുന്നു.’- എന്നാണ് കേരള ടൂറിസം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലെ കൊഴിഞ്ഞ് പോക്ക് ഭീഷണിയെതുടര്‍ന്ന് കേന്ദ്രനേതൃത്വം 44 എം.എല്‍.എമാരെ കര്‍ണാടകത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ സംഭവം വലിയ പരിഹാസങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ സാഹചര്യത്തിലാണ് കേരള ടൂറിസത്തിന്റെ പരസ്യം.
അതേസമയം, മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ഗവര്‍ണറോട് അവകാശമുന്നയിച്ചതായി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. ജെ.ഡി.എസിന് മന്ത്രിസഭ രൂപീകരിക്കാന്‍ പൂര്‍ണമായ പിന്തുണ നല്‍കുമെന്നും മന്ത്രിസഭ രൂപീകരിക്കാനുള്ള കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയെന്നും സിദ്ധരാമയ്യ പറഞ്ഞു.
ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം. 14 മന്ത്രിമാര്‍ ജെ.ഡി.എസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.
അതേസമയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസും കോണ്‍ഗ്രസും ഒന്നിച്ചുമത്സരിക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരിനുള്ള അവകാശവാദം ഗവര്‍ണര്‍ക്ക് എഴുതിനല്‍കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.