വരാപ്പുഴ കസ്റ്റഡി മരണം: എസ്പി എവി ജോര്‍ജിന് വീഴ്ച്ച പറ്റിയതായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിന് വീഴ്ച്ച പറ്റിയതായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. കസ്റ്റഡി മര്‍ദനം അറിയിച്ച ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘമാണ് മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്.
ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ എവി ജോര്‍ജ് വഴിവിട്ട് പ്രോത്സാഹിപ്പിച്ചതിന് തെളിവുണ്ട്. വയര്‍ലെസ് സന്ദേശങ്ങള്‍ പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കും. എസ്പിയെ പ്രതിയാക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം എവി ജോര്‍ജിനെ ചോദ്യം ചെയ്തിരുന്നു. ആര്‍ടിഎഫിനെ മാത്രമായി വാരാപ്പുഴയ്ക്ക് വിട്ടിട്ടില്ലെന്നും ക്രമസമാധാനപാലനം ഉറപ്പാക്കാനാണ് കൂടുതല്‍ പൊലീസുകാരെ വരാപ്പുഴയ്ക്ക് അയച്ചതെന്നും ചോദ്യം ചെയ്യലില്‍ എ.വി ജോര്‍ജ് പറഞ്ഞിരുന്നു.
കേസില്‍ അറസ്റ്റിലായ സി.ഐ. ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി. ജോര്‍ജിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിന് പുറമെ ശ്രീജിത്തിനെ അറസ്റ്റുചെയ്തതിന് ശേഷമുണ്ടായ ഫോണ്‍ രേഖകളെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു.
കസ്റ്റഡി കൊലപാതകം നടക്കുമ്പോള്‍ എ.വി. ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു. എ.വി ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സാണ്(ആര്‍.ടി.എഫ്.) ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. മരണം വിവാദമായതോടെ ആര്‍.ടി.എഫ്. പിരിച്ചുവിട്ട് സ്‌ക്വാഡിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തെ തുടര്‍ന്ന് എ.വി. ജോര്‍ജിനെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular