ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യാനാകില്ല കെ.എം ജോസഫിന്റെ നിയമനം പരിശോധിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഇന്ദു മല്‍ഹോത്രയുടെ നിയമനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. കൊളിജിയം ശുപാര്‍ശ ചെയ്ത രണ്ട് പേരില്‍ ഒരാളെ മാത്രം സര്‍ക്കാര്‍ നിയമിച്ചതിനാല്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങാണ് ഹര്‍ജി നല്‍കിയത്. നിയമനം സ്റ്റേ ചെയ്യുന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസ് കെ.എം ജോസഫിന്റെ മടക്കി അയച്ച് ഫയല്‍ ലഭിച്ചാല്‍ കൊളീജിയം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയതില്‍ തെറ്റില്ലെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

അതേസമയം കൊളീജിയം ശുപാര്‍ശ തള്ളിയ കേന്ദ്ര സര്‍ക്കാറിനെതിരെ അഭിഭാഷകര്‍ രംഗത്തെത്തി. ബാര്‍ അസോസിയേഷനില്‍ സര്‍ക്കാറിനെതിരായ പ്രമേയം പാസാക്കാന്‍ അഭിഭാഷകര്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഒപ്പ് ശേഖരണം നടത്തുകയാണ്.

ജഡ്ജിമാരായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെയുമാണ് കൊളീജിയം നിര്‍ദ്ദേശിച്ചത്. ഇതില്‍ ഇന്ദു മല്‍ഹോത്രയെ മാത്രം ജഡ്ജിയാക്കി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു.

കെ.എം ജോസഫിനെക്കാള്‍ യോഗ്യരായവരെ പരിഗണിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പരാതി. സീനിയോരിറ്റി അനുസരിച്ച് 42ാം സ്ഥാനമാണ് കെ.എം ജോസഫിനുള്ളത്. 11 ഹൈക്കോടതി ചീഫ് ജസ്റ്റിനുമാരെങ്കിലും അതിന് മുന്നിലുണ്ടെന്നും കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്, സുപ്രീം കോടതി ചീഫ് ജസ്റ്റിനെഴുതിയ കത്തില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular