ഒന്നുകില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ മാറ്റണം.. മോദി ഇന്ത്യയില്‍ കഴിയുമ്പോള്‍ ‘മൗനി ബാബ’യാകുന്നു; പരിഹാസവുമായി ശിവസേന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും ശിവസേന. വിദേശരാജ്യത്ത് പോവുമ്പോള്‍ മാത്രം ഇന്ത്യയെ കുറിച്ച് സംസാരിക്കുന്ന, ഇന്ത്യയില്‍ കഴിയുമ്പോള്‍ മൗനി ബാബയാകുന്ന വ്യക്തിയാണ് മോദിയെന്നായിരിന്നു ശിവസേനയുടെ പരിഹാസം. സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മോദിക്കെതിരെ ശിവസേന രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

ഒന്നുകില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ ടോക്യോയിലേക്കോ പാരിസിലേക്കോ മാറ്റണം. അല്ലെങ്കില്‍ ഏതെങ്കിലും വിദേശ രാജ്യമാണെന്ന് തോന്നുന്ന വിധത്തില്‍ ദല്‍ഹിയില്‍ സിനിമാ സെറ്റ് പോലെ എന്തെങ്കിലും സജീകരിക്കണമെന്നും ശിവസേന മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.

മോദിയുടെ മൗനം കുറ്റകരമാണെന്ന മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശം രാജ്യത്തെ മുഴുവന്‍ ജനതയുടേയും വികാരമാണെന്നും എഡിറ്റോറിയല്‍ പറഞ്ഞുവെക്കുന്നു. മന്‍മോഹന്‍ സിങ് പറഞ്ഞത് ഒരു അര്‍ധസത്യമാണ്. മോദി ഇന്ത്യയില്‍ മൗനി ബാബയാകുന്നു.

എന്നാല്‍ വിദേശരാജ്യത്തിരിക്കുമ്പോള്‍ സംസാരിക്കുന്നു. ഇന്ത്യയില്‍ ഇരിക്കുമ്പോള്‍ സംസാരിക്കണമെന്നത് അദ്ദേഹം ആലോചിക്കുന്നേയില്ല. ഇന്ത്യയില്‍ നടക്കുന്ന പല കാര്യങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. എന്നിട്ട് അതിനെ കുറിച്ച് പറയാന്‍ നേരെ വിദേശത്തേക്ക് പോകുന്നു. ‘- എന്നായിരുന്നു സാമ്നയിലെ ലേഖനം.

ഇന്ത്യയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി ലണ്ടനില്‍ പോയി സംസാരിക്കുന്നു. അദ്ദേഹത്തിന്റെ സെന്‍സിറ്റീവ് മൈന്‍ഡിന്റെ ഭാഗമാണ് ഇത്. മോദി ഇമോഷണലാണ്. നീതികേടിനെതിരെ പ്രതികരിക്കണമെന്ന ഒരു ചിന്ത അദ്ദേഹത്തിന്റെ മനസിലുണ്ട്. ആ ചിന്ത ആ തീപൊരി ഒരു തീയായി ഉയരുന്നത് വിദേശരാജ്യങ്ങളിലായിരിക്കുമ്പോഴാണ് എന്ന് മാത്രം.

ബലാത്സംഗ സംഭവങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് മോദി പറയുന്നു. എന്നാല്‍ നിര്‍ഭയ കേസില്‍ അദ്ദേഹത്തിന്റെ നിലപാട് ഇതല്ലായിരുന്നു. ഇന്ത്യയില്‍ ക്രൂരമായ ഒരു ബലാത്സംഗം നടന്നിട്ട് അതില്‍ ഇവിടെ വെച്ച് ഒരക്ഷരം പ്രതികരിക്കാതെ വിദേശ രാജ്യത്ത് പോയിരുന്ന് സംസാരിക്കുന്നത് ശരിയാണോ?

അഴിമതിയും ബലാത്സംഗ കേസുകളും വര്‍ധിക്കുന്ന, സുരക്ഷിതമല്ലാത്ത ഒരു രാജ്യമാണ് ഇന്ത്യയെന്ന ചിത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
നേരത്തെ ഇന്ത്യയിലെ അഴിമതിയെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും പറയാന്‍ മോദി ജപ്പാനിലേക്ക് വിമാനം കയറുകയായിരുന്നെന്നും സാമ്ന മുഖപത്രത്തില്‍ പരിഹസിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular