മെട്രോ തുരങ്കത്തില്‍ കുടുങ്ങി; പരിഭ്രാന്തരായ യാത്രക്കാര്‍ ചില്ലുകള്‍ തകര്‍ത്തു

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. വൈദ്യുത തകരാറിനെ തുടര്‍ന്നാണ് ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ വെച്ച് നിന്നുപോയത്. ദം ദമ്മില്‍ നിന്ന് കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ മെട്രോ നേതാജി ഭവന്‍ സ്റ്റേഷന് സമീപത്തെ തുരങ്കത്തില്‍ വെച്ചാണ് നിന്നു പോയത്. രാത്രി 9.30ഓടെയയിരുന്നു സംഭവം.

തീപ്പൊരികള്‍ കൂടി കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഇതേ തുടര്‍ന്ന് അലാറം മുഴക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ട്രെയിനില്‍ ഇരുട്ടുകൂടി ആയതോടെ കുട്ടികള്‍ കരയാനും തുടങ്ങി. അഞ്ച് മിനിറ്റോളം കഴിഞ്ഞിട്ടും ട്രെയിന്‍ ഗേറ്റ് തുറക്കാതായതോടെ കോച്ചിന്റെ ചില്ലുകള്‍ പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ട്രെയിനില്‍ നിന്ന് പെട്ടെന്ന് ഇറങ്ങാന്‍ അനൗണ്‍സ്മെന്റ് വന്നു. 20 മിനിറ്റോളമെടുത്താണ് യാത്രക്കാരെ മുഴുവന്‍ ട്രെയിനില്‍ നിന്ന് ഒഴിപ്പിച്ചത്.സംഭവത്തെ തുടര്‍ന്ന് തെക്കുഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം കുറച്ച് സമയത്തേക്ക് തടസപ്പെട്ടു. മെട്രോ തകരാറിലായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സിപിആര്‍ഒ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular