ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്, സുപ്രിംകോടതി സ്റ്റേ

ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. ഹൈക്കോടതി ഇത്രയും തൊട്ടാവാടിയാകാന്‍ പാടില്ല. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും സുപ്രിം കോടതി പറഞ്ഞു. ഹരജിയില്‍ ഹൈക്കോടതിക്ക് സുപ്രിംകോടതി നോട്ടിസ് അയക്കുകയും ചെയ്തിട്ടുണ്ട്.

രാവിലെ കോടതിയലക്ഷ്യ കേസില്‍ ഡി.ജി.പി ജേക്കബ് തോമസ് കോടതിയില്‍ ഹാജരാകുന്നതിന് ഹൈകോടതി സമയം നീട്ടി നല്‍കിയിരുന്നു. അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിനോട് ഹൈകോടതി നിര്‍ദേശിച്ചത്. എന്നാല്‍ സുപ്രിംകോടതി നടപടി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ജേക്കബ് തോമസ് ഹൈകോടതിയില്‍ നേരിട്ടു ഹാജരാകേണ്ടതില്ല.

കേന്ദ്ര വിജിലന്‍സ് കമീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ടായത്. ഹൈകോടതിയില്‍ നിന്ന് തനിക്കെതിരെ തുടര്‍ച്ചയായി പരമാര്‍ശമുണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലന്‍സ് കമ്മിഷണര്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുമാണ് ജേക്കബ് തോമസ് പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് ജേക്കബ് തോമസിനെതിരേ ഹൈകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7