മോഷണക്കുറ്റം ആരോപിച്ച് സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാരെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് പരാതി. ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. സ്‌പൈസ്‌ജെറ്റിന് നേരെയാണ് എയര്‍ ഹോസ്റ്റസുമാര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്.
വിമാനത്തില്‍ നിന്നും ഭക്ഷണത്തിനും മറ്റുമായി ലഭിക്കുന്ന പണം ക്യാബിന്‍ ക്രൂ മോഷിടിക്കുന്നുവെന്ന് ആരോപിച്ചാണ് പരിശോധന നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വിമാനത്തില്‍ നിന്ന് എന്തെങ്കിലും മോഷ്ടിച്ചവരെ പോലെയാണ് കമ്പനിയുടെ സുരക്ഷാ ജീവനക്കാര്‍ തങ്ങളെ കാണുന്നതെന്ന് എയര്‍ ഹോസ്റ്റസുമാര്‍ കുറ്റപ്പെടുത്തുന്നു.
സ്‌പൈസ്‌ജെറ്റ് കമ്പനിയുടെ സുരക്ഷാവിഭാഗമാണ് എയര്‍ഹോസ്റ്റസുമാരെ പരിശോധിച്ചത്. ഏതാനും ദിവസങ്ങളായി ഇത് തുടരുകയാണെന്നും എയര്‍ഹോസ്റ്റസുമാര്‍ പറയുന്നു. സാനിറ്ററി പാഡുകള്‍ പോലും ബാഗില്‍നിന്നും എടുത്ത് പരിശോധിക്കും. അപമര്യാദയായാണ് പരിശോധനയെന്നും പരാതിയില്‍ പറയുന്നു.സംഭവുമായി ബന്ധപ്പെട്ട് കാബിന്‍ ക്രൂ പ്രതിഷേധിച്ചു.
ഇതിന്റെ വീഡിയോ സ്വകാര്യ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. യൂണിഫോമില്‍ തന്നെയാണ് പ്രതിഷേധം നടന്നത്. പരിശോധനയുടെ മറവില്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ജീവനക്കാര്‍ പിടിച്ചുവെന്ന് ഒരു ജീവനക്കാരി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.