സംസ്ഥാനത്തെ മന്ത്രിമാര്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഉയരുന്നില്ല!!! ചുറ്റിത്തിഞ്ഞ് നടക്കാതെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഇനിയും ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാമതും സെക്രട്ടറിയായ ശേഷം പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി തുറന്നടിച്ചത്.

ഉയരാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അതിന് ഓരോരുത്തരം ശ്രമിക്കണമെന്നും ചൂണ്ടിക്കാണിച്ച കോടിയേരി മന്ത്രിമാര്‍ കൂടുതല്‍ സമയവും സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിക്കണം എന്നും നിര്‍ദേശിച്ചു. ‘ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പരിപാടികള്‍ ധാരാളം വരും. എല്ലാ പരിപാടികളും ഏറ്റെടുത്ത് കേരളം മുഴുവന്‍ ചുറ്റിനടക്കുന്നതിലല്ല ഭരണത്തിലായിരിക്കണം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്’ എന്നും അദ്ദേഹം പറയുന്നു.

‘അങ്ങനെ വരുമ്പോള്‍ ഭരണവുമായി ബന്ധപ്പെട്ടു ചില ചെറിയ പ്രശ്നങ്ങളുണ്ടാകും. ആ ചെറിയ പ്രശ്നങ്ങളില്‍ ഒരു പൊതുപ്രശ്നം ഉണ്ടാകും. വ്യക്തിപരമായി ഓരോരുത്തരുടെയും പ്രശ്നം പരിഹരിച്ചുകൊടുക്കുക എന്നല്ല പൊതുപ്രശ്നം പരിഹരിക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടത്. പലര്‍ക്കും സ്പെഷല്‍ ഓര്‍ഡര്‍ വേണം, സ്ഥലംമാറ്റം വേണം. അതിനെല്ലാം ന്യായയുക്തമായത് ചെയ്തുകൊടുക്കണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സമയം ചെലവഴിക്കരുത്’ എന്നും കോടിയേരി മന്ത്രിമാരോടു നിര്‍ദേശിക്കുന്നു.

സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം, ഒരു വ്യക്തിയുടെ കാര്യമാണെങ്കിലും പൊതുവായ ഒരു പ്രശ്നം അതിലുണ്ടെങ്കില്‍ അതനുസരിച്ച് തീരുമാനമെടുക്കണം. ചില ചട്ടങ്ങള്‍ ചിലപ്പോള്‍ അതിനു തടസമായി വരും. മന്ത്രിയുടെ മുന്നില്‍ ഒരു കേസ് വരുമ്‌ബോള്‍ ജനങ്ങളെ സഹായിക്കേണ്ട പ്രശ്നമാണ് അതെങ്കിലും നിലവിലുള്ള ചട്ടപ്രകാരം അത് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല.

ചട്ടവിരുദ്ധമായ ഒരു കാര്യവും ചെയ്യാന്‍ മന്ത്രിക്ക് പറ്റില്ല, നിയമപ്രകാരമേ ചെയ്യാന്‍ പറ്റു. അതിന് ആ നിയമം, മാറ്റണം, ചട്ടം മാറ്റണം. മന്ത്രി നിര്‍ദേശം തയ്യാറാക്കി സമര്‍പ്പിച്ച് നിയമഭേദഗതിയോ ചട്ടഭേദഗതിയോ എന്താണ് വേണ്ടതെങ്കില്‍ അത് കൊണ്ടുവരണം. ഇതിനു വേണ്ടിയാണ് ഓരോ മന്ത്രിമാരും കൂടുതല്‍ സമയം ഭരണകാര്യങ്ങളില്‍ ചെലവഴിക്കേണ്ടത്.

ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യണം, നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യണം. ഓരോ വകുപ്പിന്റെയും ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം എന്നാണ് മന്ത്രിമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സമ്മേളനം നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശം. ഇതിനനുസരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എന്നും കോടിയേരി വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular