ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തനെ പുറത്തിറക്കാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ അനുവദിച്ച് വിവാദമായതിന് പിന്നാലെ പുതിയ നീക്കവുമായി സര്‍ക്കാര്‍. ടി.പി. വധക്കേസ് പ്രതിയായ പി.കെ. കുഞ്ഞനന്തനു ശിക്ഷയിളവു നല്‍കാനാണ് പുതിയ നീക്കം. എഴുപത് വയസ്സുകഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം കണക്കിലെടുത്തുള്ള ഇളവിനാണു നീക്കം നടക്കുന്നത്. ഇതിനായി പൊലീസ് ടിപിയുടെ ഭാര്യ കെ.കെ. രമയുടെയും കുഞ്ഞനന്തന്റെ കുടുംബത്തിന്റെയും മൊഴിയെടുത്തു. കൊളവല്ലൂര്‍ എസ്‌ഐയാണു മൊഴിയെടുത്തത്. മട്ടന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ടിപി കേസ് പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ അനുവദിച്ചത് നേരത്തേ വിവാദമായിരുന്നു.
പ്രാഥമിക നടപടികളുടെ ഭാഗമായി എതിര്‍പ്പുണ്ടോയെന്ന് അറിയാനായി ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയില്‍ വകുപ്പ് മോചിതനാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജയില്‍ ഉപദേശക സമിതിക്ക് ശിപാര്‍ശ ചെയ്യുന്നത്. എന്നാല്‍, ശിക്ഷായിളവ് നല്‍കാന്‍ തീരുമാനമുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് കെ.കെ രമ അറിയിച്ചു.
കേസില്‍ 13ാം പ്രതിയാണ് സി.പി.എം പാനൂര്‍ ഏരിയ കമ്മറ്റി അംഗം കൂടിയായിരുന്ന കുഞ്ഞനന്തന്‍. ടി.പി കേസിലെ മറ്റു പ്രതികളായ കൊടി സുനി, കെ.സി. രാമചന്ദ്രന്‍, പി.കെ. കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഈ പട്ടിക ഗവര്‍ണര്‍ പി. സദാശിവം തിരിച്ച് അയക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular