ടി.ഡി.പി എന്‍.ഡി.എ വിട്ടു; പ്രഖ്യാപനം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം, ബി.ജെ.പി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാന്‍ പിന്തുണയ്ക്കാനും തീരുമാനം

ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍ഡിഎ വിട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇത് സംബന്ധിച്ച തീരുമാനം എം.പിമാരെ അറിയിച്ചു. ലോക്സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാല്‍ പിന്തുണയ്ക്കാനും തീരുമാനമായി. ലോക്സഭയില്‍ ടി.ഡി.പിക്ക് 18 അംഗങ്ങളാണുള്ളത്. മുന്നണി വിടുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പി അംഗങ്ങളായ വൈ.എസ്.ചൗധരിയും അശോക് ഗജപതി റാവുവും കഴിഞ്ഞ ശനിയാഴ്ച തന്നെ തങ്ങളുടെ സ്ഥാനം രാജിവച്ചിരുന്നു.

എന്‍ഡിഎ വിടുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ചന്ദ്രബാബു നായിഡു ഇന്ന് പാര്‍ട്ടി പോളിറ്റ്ബ്യൂറോ യോഗം വിളിച്ചിരുന്നു. ഇതിന് ശേഷം പാര്‍ട്ടി എം.പിമാരുമായി നടത്തിയ ടെലികോണ്‍ഫറന്‍സിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ഇനി മുതല്‍ കേന്ദ്രത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണമെന്നും ചന്ദ്രബാബു നായിഡു എം.പിമാരോട് വിശദീകരിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നെറികെട്ട രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി മുന്നണിയില്‍ തുടരേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ രാജ്യത്ത് മൂന്നാം മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.പി നേതാവ് മായാവതിയുമായും സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയ്ക്ക് പുറമെ ഒരു മൂന്നാം മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും വിവരമുണ്ട്. ശിവസേന അടക്കമുള്ള ഘടകകക്ഷികള്‍ മുന്നണിയില്‍ തര്‍ക്കമുന്നയിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പാര്‍ട്ടി എന്‍.ഡി.എയില്‍ നിന്നും പുറത്ത് പോകുന്നത്. എന്നാല്‍ ടി.ഡി.പി മുന്നണി വിട്ടത് ദക്ഷിണേന്ത്യയില്‍ തന്നെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. പ്രത്യേകിച്ചും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടി.ഡി.പി തീരുമാനം സീറ്റ് നിലയില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന് ഉറപ്പ്.

അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം ബിജെപിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. എന്‍ഡിഎ വിട്ട ശേഷം ചന്ദ്രബാബു നായിഡു ബിജെപിക്കതിരെ കടുത്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ചേക്കും.

Similar Articles

Comments

Advertismentspot_img

Most Popular