മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; ഒടുവില്‍ തീരുമാനമായി

തൃശൂര്‍: കീറാമുട്ടിയായി മാറിയിരിക്കുന്ന കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടനുണ്ടാകുമെന്ന് സൂചന. മാണിയെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ അടക്കമുള്ള ഘടകക്ഷികളുമായി ആലോചിച്ചുമാത്രമേ വിഷയത്തില്‍ തീരുമാമെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിയാണ് മുഖ്യ ശത്രു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കോടിയേരി വ്യക്തമാക്കി.
സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ നടന്ന സെമിനാറില്‍ കെഎം മാണി പങ്കെടുത്തിരുന്നു. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മാണി സിപിഎം വേദിയിലെത്തിയിരുന്നത്. മാണി വിഷയത്തില്‍ സിപിഐ അടുത്തിട്ടില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറില്‍ പങ്കെടുക്കുകയും വേദിയില്‍ വച്ച് മാണിയ്‌ക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നു.
അതേസമയം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു.
ഇതിനിടെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ കൂട്ടാന്‍ നേരിട്ട് ഇടപെടല്‍ നടത്താന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഒരു ലോക്കലില്‍ കുറഞ്ഞത് ഒരു വീടെങ്കിലും നിര്‍മിക്കാനാണ് തീരുമാനം.
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് 2000 കേന്ദ്രങ്ങളില്‍ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കും. ഒരു ജില്ലയില്‍ ഒരു പുഴ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ജില്ലാ കമ്മിറ്റികള്‍ ഏറ്റെടുക്കും. ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ലോക്കല്‍ കമ്മിറ്റികള്‍ നടത്തും. സെക്രട്ടറിയായി ചുമതലയേറ്റശേഷം കോടിയേരി മാധ്യമങ്ങളെ അറിയിച്ചതാണിത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍എയിഡഡ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പാര്‍ടി ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇതിനായി സ്‌കൂള്‍ വികസനസമിതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഒരു ഏരിയയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങളിലും പാര്‍ടി മുന്‍കൈയെടുക്കും. ഇത്തരത്തില്‍ സംസ്ഥാനത്തൊട്ടാകെ 209 ആശുപത്രികളാണ് പാര്‍ട്ടി ഏറ്റെടുക്കുക.
കേരളമൊട്ടാകെ 2000 സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ പാര്‍ടി മുന്‍കൈയെടുത്ത് സ്ഥാപിക്കും. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഒരു ലോക്കലില്‍ പത്ത് വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും.
സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്ന് സംസ്ഥാന സമ്മേളനം തീരുമാനിച്ചതായും കോടിയേരി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular