സിപിഎം ഇനി വേറെ ലെവലായിരിക്കും; ജനപിന്തുണ കൂട്ടാന്‍ പുതിയ തീരുമാനങ്ങള്‍ …

തൃശൂര്‍: പാര്‍ട്ടിക്കെതിരേ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട സംസ്ഥാന സമ്മേളനത്തില്‍ നിരവധി പുതിയ പദ്ധതികളുമായി സിപിഎം. പാവപ്പെട്ടവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്നുവെന്ന് പൊതുവെ ഉയര്‍ന്നുവന്ന കാര്യമായിരുന്നു. ഇതിനെല്ലാം തടയിടുക എന്നലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുക. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ കൂട്ടാന്‍ നേരിട്ട് ഇടപെടല്‍ നടത്താന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഒരു ലോക്കലില്‍ കുറഞ്ഞത് ഒരു വീടെങ്കിലും നിര്‍മിക്കാനാണ് തീരുമാനം.
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് 2000 കേന്ദ്രങ്ങളില്‍ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കും. ഒരു ജില്ലയില്‍ ഒരു പുഴ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ജില്ലാ കമ്മിറ്റികള്‍ ഏറ്റെടുക്കും. ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ലോക്കല്‍ കമ്മിറ്റികള്‍ നടത്തും. സെക്രട്ടറിയായി ചുമതലയേറ്റശേഷം കോടിയേരി മാധ്യമങ്ങളെ അറിയിച്ചതാണിത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍എയിഡഡ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പാര്‍ടി ലോക്കല്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇതിനായി സ്‌കൂള്‍ വികസനസമിതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഒരു ഏരിയയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങളിലും പാര്‍ടി മുന്‍കൈയെടുക്കും. ഇത്തരത്തില്‍ സംസ്ഥാനത്തൊട്ടാകെ 209 ആശുപത്രികളാണ് പാര്‍ട്ടി ഏറ്റെടുക്കുക.
കേരളമൊട്ടാകെ 2000 സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ പാര്‍ടി മുന്‍കൈയെടുത്ത് സ്ഥാപിക്കും. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഒരു ലോക്കലില്‍ പത്ത് വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും.
സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്ന് സംസ്ഥാന സമ്മേളനം തീരുമാനിച്ചതായും കോടിയേരി അറിയിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍നിന്നുള്ള രക്ഷപെടല്‍ കൂടെയാവും പുതിയ പ്രവര്‍ത്തനങ്ങളെന്നാണ് വിലയിരുത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular