നിയമസഭാ മന്ദിരത്തില്‍ പ്രേതബാധ!!! ഒഴിപ്പിക്കാന്‍ യാഗം വേണമെന്ന് എം.എല്‍.എമാര്‍

ജോധ്പുര്‍: രാജസ്ഥാനിലെ നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാരുടെ ആരോപണം. സിറ്റിങ് എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവര്‍ ആറ് മാസത്തിനകം മരിച്ചതാണ് ഇത്തരമൊരു അന്ധവിശ്വാസത്തിന് എം.എല്‍.എമാരെ പ്രലോഭിപ്പിച്ചത്. ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍ ഗുര്‍ജറുമാണ് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോട് നിയമസഭയില്‍ വച്ച് ഇക്കാര്യം അറിയിച്ചത്. മുമ്പ് ശ്മശാനമിരുന്ന സ്ഥലത്താണു നിയമസഭ പണിതതെന്നും അതാണു പ്രേതബാധയുണ്ടാകാന്‍ കാരണമായി എം.എല്‍.എമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ബാധയൊഴിപ്പിക്കാന്‍ യാഗം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

അതേസമയം, അന്ധവിശ്വാസം പരത്തുകയാണെന്ന് വ്യക്തമാക്കി നിര്‍ദേശത്തോടു ചില എംപിമാര്‍ എതിര്‍പ്പ് അറിയിച്ചിട്ടുമുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ ദുര്‍ബലഹൃദയരാകാമെന്നാണ് കോണ്‍ഗ്രസ് നേതാവ് ധീരജ് ഗുര്‍ജറുടെ അഭിപ്രായം.

നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന ചില എംഎല്‍എമാരുടെ കാഴ്ചപ്പാട് അടിസ്ഥാനരഹിതമാണെന്ന് ബിജെപി എംഎല്‍എ ബി. സിങ്ങും അറിയിച്ചു. ‘അങ്ങനെയൊരു വിശ്വാസം ഉണ്ടെങ്കില്‍ ഒരുസമയത്ത് ഇവിടെ 200 എംഎല്‍എമാര്‍ ഒരിക്കലും ഉണ്ടാവില്ലായിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയുള്ള യാഗം ആവശ്യമില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജ്യോതിനഗറില്‍ 16.96 ഏക്കറിലാണ് രാജസ്ഥാന്‍ നിയമസഭാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ആധുനികമായ നിയമസഭാ മന്ദിരങ്ങളില്‍ ഒന്നാണിത്. ഇതിനോടു തൊട്ടുചേര്‍ന്നാണു ലാല്‍ കോതി ശ്മശാനം സ്ഥിതി ചെയ്യുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular