കോടിയേരിയുടെ മക്കള്‍ക്കെതിരായ കേസ്: എല്ലാം കോടതിയ്ക്ക് വെളിയില്‍ പറഞ്ഞ് ‘കോപ്ലിമെന്റ്‌സാക്കി’ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ വെളിപ്പെടുത്താന്‍ വൈക്ലഭ്യം

ദുബൈ: മക്കള്‍ക്കെതിരെ ദുബൈയിലുണ്ടായിരുന്ന കേസുകള്‍ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ തീര്‍പ്പാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തലയൂരി. ദുബായിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ കേസ് നിലനിന്നത്. യാത്രാവിലക്കുള്‍പ്പെടെ നേരിട്ട ഘട്ടത്തില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തിരക്കിട്ട ശ്രമമാണ് നടത്തിയത്. കേസ് ഒത്തുതീര്‍പ്പായതോടെ യാത്രാവിലക്കും മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം കോടിയേരിയുടെ ഇളയമകന്‍ ബിനീഷ് കോടിയേരി ദുബായിലെത്തിയതും കേസ് റദ്ദായെന്ന സൂചനയാണ് നല്‍കുന്നത്.

എന്നാല്‍ കേസിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്താണെന്ന് ഇതുവരെ ആരും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. പത്തുലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട് സിവില്‍ കേസ് നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായാണു ബിനോയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പിലായതിനെ തുടര്‍ന്ന് പരാതിക്കാരായ ജാസ് കമ്പനിയുടെ അഭിഭാഷകന്‍ 19ന് നല്‍കിയ അപേക്ഷയില്‍ വിലക്ക് പിന്‍വലിച്ചു. ഇതിനിടെ, ജാസ് ടൂറിസം ഈ മാസം ഏഴിന് ദുബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് 25ന് കോടതി പരിഗണിക്കാനിരിക്കുകയാണെങ്കിലും അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് വിവരം കോടതിയെ അറിയിക്കുന്നതോടെ, കേസ് പൂര്‍ണമായും ഒഴിവാകും.

കോടതിച്ചെലവടക്കം ബിനോയ് 13 കോടി രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് ജാസ് ടൂറിസം ഉടമയും യുഎഇ പൗരനുമായ ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി സിപിഐഎം കേന്ദ്ര പാര്‍ട്ടി നേതാക്കളെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് ശ്രദ്ധയാകര്‍ഷിച്ചത്. ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയതോടെ ദുബൈയില്‍ ചെക്ക് കേസുകള്‍ പതിവാണെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി പിന്നീട് പറഞ്ഞു.

ബാങ്കില്‍നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബറില്‍ ബിനീഷ് കോടിയേരിക്കു രണ്ടുമാസം തടവ് കോടതി വിധിച്ചത്. യുഎഇയിലെത്തിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന സ്ഥിതിവിശേഷമുണ്ടായെങ്കിലും നാട്ടില്‍നിന്നുതന്നെ കേസ് നടപടികള്‍ പൂര്‍ത്തിയാക്കി ബിനീഷ് ദുബായില്‍ എത്തുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular