ശശീന്ദ്രന്റെ മന്ത്രിസ്ഥാനം; ഇന്നറിയാം

ന്യൂഡല്‍ഹി/തിരുവനന്തപുരം: എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനം എന്‍സിപി ദേശീയ നേതൃത്വം ഇന്നു പ്രഖ്യാപിക്കും. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുന്‍പുതന്നെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതോടെയാണ് ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരികെ വരാന്‍ അവസരം ലഭിച്ചത്. ഇന്നു വൈകുന്നേരമാണ് പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ചേരുന്നത്. അതിനു മുന്‍പു ടി.പി. പീതാംബരനും ശശീന്ദ്രനും ദേശീയ നേതാക്കളായ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, താരിഖ് അന്‍വര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മന്ത്രിസ്ഥാനത്തിനു പുറമെ, ആര്‍. ബാലകൃഷ്ണപിള്ളയെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ച ചെയ്യുമെന്നാണു സൂചന.
കേരള എന്‍സിപിയിലെ സംഘടനാപ്രശ്‌നങ്ങള്‍ തീര്‍ക്കാനായി നേരത്തേ തീരുമാനിച്ചതാണു ഡല്‍ഹി ചര്‍ച്ച. കുവൈത്തിലുള്ള തോമസ് ചാണ്ടി യോഗത്തിന് എത്തിയേക്കില്ല. ഫോണ്‍കെണിക്കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ അദ്ദേഹത്തിനു തിരിച്ചുവരാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular