പുതിയ ചിത്രം : രജനികാന്ത്, ധനുഷ്, പാ രഞ്ജിത് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

രജനി കാന്തിന്റെ പുതിയ ചിത്രം കാല നിയമക്കുരുക്കില്‍. പകര്‍പ്പവകാശം ലംഘിച്ചെന്ന പരാതിയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
കബാലിയുടെ മിന്നും ജയത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിതുമായി രജനീകാന്ത് കൈകോര്‍ക്കുന്ന കാല. ചിത്രീകരണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് വിവാദം വീണ്ടും തലപൊക്കുന്നത്. സിനിമക്കെതിരെ നേരത്തെ ആരോപണം ഉന്നയിച്ച സഹസംവിധായകനും നിര്‍മ്മാതാവുമായ രാജശേഖരന്‍ ആണ് പരാതിയുമായി മദ്രാസ് ഹൈക്കോടതിയിലെത്തിയത്. സിനിമയുടെ ടൈറ്റിലും കഥയും തന്റേതാണെന്നും, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും ആണ് രാജശേഖരന്റെ വാദം. 10 വര്‍ഷമായി സിനിമയുടെ അണിയറജോലികള്‍ നടന്നുവരികയാണെന്നും ഇദ്ദേഹത്തിന്റെ പരാതിയിലുണ്ട്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച മദ്രാസ് ഹൈക്കോടതി, കാല സംവിധായകന്‍ പാ രഞ്ജിത്, രജനീകാന്ത്, സിനിമ നിര്‍മ്മിക്കുന്ന വണ്ടര്‍ ബാര്‍ ഫിലിംസ് ഉടമ ധനുഷ്, സൗത്ത് ഇന്ത്യന്‍ ഫിലിം ആക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് നോട്ടീസയച്ചു. ഫെബ്രുവരി 12നകം മറുപടി നല്‍കണം എന്നാണ് ആവശ്യം. അതേസമയം സിനിമയുടെ കഥ സംവിധായകന്‍ പാ രഞ്ജിത് തന്നെ എഴുതിയതാണെന്ന നിലപാടിലാണ് അണിയറക്കാര്‍. മുംബൈയിലെ ചിത്രീകരണത്തിന് ശേഷം കാലയുടെ ഡബ്ബിംഗ് ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റില്‍ സിനിമ റിലീസിനെത്തിക്കാനാണ് ശ്രമം. ചേരിയില്‍ നിന്നുള്ള നേതാവായി വേറിട്ട ഗെറ്റപ്പിലാണ് സ്‌റ്റൈല്‍ മന്നന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹുമ ഖുറേഷി, നാനാ പടേക്കര്‍ എന്നിവരും താരനിരയിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular