യെച്ചൂരിയുടെ നിലപാട് തള്ളി നേതാക്കള്‍

കൊല്‍ക്കത്ത: യച്ചൂരുയുടെ കോണ്‍ഗ്രസ് നിലപാട് തള്ളി കേന്ദ്രകമ്മിറ്റി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടാണ് കേന്ദ്രകമ്മിറ്റി യോഗത്തില്‍ തള്ളിയത്. യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകള്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ (സിസി) വോട്ടിനിട്ടാണ് തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയില്‍ വിജയിച്ചത്. ഇതോടെ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ ഭാഗമാവും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുക. കരട് പ്രമേയത്തിലെ മറ്റു ഭാഗങ്ങളെക്കുറിച്ചു തര്‍ക്കമില്ല.
വോട്ടെടുപ്പില്‍ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ യച്ചൂരിക്കു കിട്ടിയത് 31 വോട്ടുമാത്രം. കേരളത്തില്‍നിന്നുള്ള സിസി അംഗങ്ങള്‍ കാരാട്ടിനെയാണു പിന്തുണച്ചത്. കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലാത്തപ്പോഴും, ബിജെപിയെ താഴെയിറക്കാന്‍ ധാരണയ്ക്കുള്ള സാധ്യതകള്‍ തുറന്നിടണം എന്നതായിരുന്നു യച്ചൂരിയുടെ നിലപാട്. എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെങ്കിലും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണു കാരാട്ട് പക്ഷത്തിന്റെ വാദം. യച്ചൂരിയുടെ നിലപാട് സിസി വോട്ടിനിട്ടു തള്ളിയെങ്കിലും തര്‍ക്കം പാര്‍ട്ടി കോണ്‍ഗ്രസിലും തുടരാനാണു സാധ്യത. കരട് രാഷ്ട്രീയ പ്രമേയത്തിനു യച്ചൂരിപക്ഷം ഭേദഗതികള്‍ ഉന്നയിച്ചേക്കും.
രണ്ടു ദിവസമായി നടന്ന ചര്‍ച്ചയില്‍ മൊത്തം 61 പേരാണു സംസാരിച്ചത്. ബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്ഗഡ്, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായി യച്ചൂരിയെ പിന്തുണച്ചു. തമിഴ്‌നാട്ടില്‍നിന്നു സംസാരിച്ച അഞ്ചു പേരില്‍ മൂന്നുപേര്‍ യച്ചൂരിയെ അനുകൂലിച്ചു. കേരളത്തില്‍നിന്നു സംസാരിച്ചതില്‍ തോമസ്‌ െഎസക് ഒഴികെ എല്ലാവരും കാരാട്ട് പക്ഷത്തെയാണു പിന്താങ്ങിയത്. വോട്ടെടുപ്പ് ഒഴിവാക്കുന്നതാവും ഉചിതമെന്നു പിബിയില്‍ യച്ചൂരി ശക്തമായി വാദിച്ചെങ്കിലും പിന്തുണ കിട്ടിയില്ല

Similar Articles

Comments

Advertismentspot_img

Most Popular