ഒളിവ്‌ ജീവിതത്തിന്റെ വീര ഇതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത് മസ്തിഷ്‌ക പ്രക്ഷാളനത്തിന്റെ ഭാഗമായി… ഇടതുപക്ഷത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് വി.ടി ബല്‍റാം

കൊണ്ടോടി: എ.കെ.ജി പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍.എ. പ്രത്യേക സാഹചര്യത്തിലാണ് അന്ന് അഭിപ്രായം പറയേണ്ടി വന്നതെന്ന് വി.ടി. ബല്‍റാം പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എ.കെ.ജി വിവാദത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത കമന്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിവുണ്ട് അതിനാല്‍ വിവാദം തുടരില്ലെന്നും പ്രോകോപനത്തലില്‍ വീഴരുതായിരുന്നെന്നും ബല്‍റാം പറഞ്ഞു. തന്റെ പ്രതികരണം കോണ്‍ഗ്രസ് ശൈലിക്കു ചേരുന്നതല്ല.

വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ല. വിവാദമൊഴിവാക്കാന്‍ സിപിഐഎം മുന്‍കയ്യെടുക്കണം. താന്‍ മാപ്പ് പറഞ്ഞേ മതിയാകൂ എന്ന സിപിഐഎം നിലപാട് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും ബല്‍റാം പറഞ്ഞു. എന്നാല്‍ എതിരാളികളുടെ പ്രകോപനത്തില്‍ നൈമിഷകമായി വീഴരുതായിരുന്നുവെന്ന തിരിച്ചറിവ് ഇപ്പോഴുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അവര്‍ക്ക് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. പ്രത്യേക തരക്കാരായി ചിത്രീകരിച്ച് പുകമറയില്‍ നിര്‍ത്താം. കാരണം പറയുന്നത് സി.പി.എമ്മാണ്. എല്ലാ കാലത്തും സി.പി.എമ്മാണ് ചരിത്രം നിര്‍മിച്ചിട്ടുള്ളത്. ബൗദ്ധിക, മാധ്യമ, സാംസ്‌കാരിക രംഗത്ത് അവരുടെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഒളിവ് ജീവിതത്തിന്റെ വീര ഇതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ നിലയിലുള്ള സമീപനത്തിന്റെ നാളുകള്‍ കേരളത്തില്‍ കഴിഞ്ഞു.

ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരും. ചൈന ഇന്ത്യയെ ആക്രമിക്കുന്ന സമയത്ത് ആ മണ്ണ് നമ്മുടേതാണ് എന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈന ചാരന്‍മാരായ കമ്യൂണിസ്റ്റുകള്‍ ഇന്നും അതേ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയാണെന്നും ബല്‍റാം പറഞ്ഞു. എ.കെ.ജി വിരുദ്ധ പാരാമര്‍ശത്തില്‍ മാപ്പുപറയാതെ ബല്‍റാമിനെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന സൈബര്‍ ഭീഷണിയ്ക്കിടെയാണ് ബല്‍റാം കൊണ്ടോട്ടിയില്‍ എത്തിയിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular