ആധാര്‍ സുരക്ഷിതമാണോ, തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗപ്പെടുത്തുന്നതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗപ്പെടുത്തുകയെന്നും കോടതി ആരാഞ്ഞു. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ? ആധാര്‍ ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നി ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ആദ്യദിവസത്തെ വാദം പൂര്‍ത്തിയായി.

രാജ്യത്തെ പൂര്‍ണമായും നിരീക്ഷണവലയത്തിലാക്കുന്ന ‘വമ്പന്‍ ഇലക്ട്രോണിക് വല’യാണ് ആധാറെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഓരോ പൗരന്മാരന്റെയും സ്വകാര്യതയെ ലംഘിക്കുന്നതാണിത്. എല്ലാ ജനങ്ങളുടെയും അവകാശങ്ങളെ ലംഘിക്കുന്നതും. ജനങ്ങളുടെ ഭരണഘടന എന്നതു മാറി അധികാര സ്ഥാപനത്തിന്റെ ഭരണഘടന എന്ന നിലയിലേക്കു മാറാനും ആധാര്‍ കാരണമാകും. ജനങ്ങളെ ഭയപ്പെടുത്തി ഏകാധിപത്യസ്വഭാവത്തിലേക്കു ഭരണം മാറാനും ആധാര്‍ കാരണമാകും.

ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ 17 മുതല്‍ വിശദമായ വാദം ആരംഭിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരും അഞ്ചംഗ ബെഞ്ചിലുണ്ട്. ആധാറുമായി ബന്ധപ്പെട്ട 27 ഹര്‍ജികളാണു പരിഗണിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular