നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 22ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. അതേസമയം, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.

കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. വിവരങ്ങള്‍ അന്വേഷണ സംഘം മന:പൂര്‍വം ചോര്‍ത്തി നല്‍കുകയായിരുന്നെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയത് പ്രതികള്‍ തന്നെയാണെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മെമ്മറി കാര്‍ഡില്‍ നിന്നും ലഭിച്ച നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് 22ലേക്ക് മാറ്റിവെച്ചത്. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസിലെ സുപ്രധാന തെളിവാണ് ഈ ദൃശ്യങ്ങള്‍. ദൃശ്യങ്ങളുടെ ആധികാരികത ദിലീപ് തന്റെ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നുള്ളതാണെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നുണ്ടെന്ന വാദവും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. നേരത്തേ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

അതേസമയം, ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നടിയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാണിച്ച് പ്രോസിക്യൂഷന്‍ 22 ന് മുമ്പ് എതിര്‍സത്യവാങ്മൂലം നല്‍കുമെന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular