തനിക്ക് മാത്രം മീന്‍ പൊരിച്ചത് കിട്ടിയില്ല… അന്നുമുതല്‍ ഫെമിനിസം ആരംഭിച്ചു; ഫെമിനിസ്റ്റാകാനുള്ള കാരണം വെളിപ്പെടുത്തി റിമ കല്ലിങ്കല്‍

താന്‍ ഒരു ഫെമിനിസ്റ്റ് ആകാനുള്ള കാരണം വെളിപ്പെടുത്തി നടി റിമ കല്ലിങ്കല്‍. ലിംഗ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത് ഒരു പൊരിച്ച മീനില്‍ നിന്നാണെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്സില്‍ സംസാരിക്കുന്നതിനിടെയാണ് തന്നെ ഒരു ഫെമിനിസ്റ്റ് ആക്കിയതിന് പിന്നിലെ കഥ റിമ തുറന്ന് പറഞ്ഞത്. ഞാനൊരു ഫെമിനിസ്റ്റാണ്, എന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ് എന്ന വാചകങ്ങളോടെയാണ് റിമ ആരംഭിച്ചത്.

12ാം മത്തെ വയസില്‍ സ്വന്തം വീട്ടില്‍ നിന്നുണ്ടായ ഒരു അനുഭവം പങ്കുവെച്ചാണ് റിമ പറഞ്ഞു തുടങ്ങിയത്. മുത്തശ്ശിയും അച്ഛനും സഹോദരനും താനും ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ പൊരിച്ചതാണ് ഉണ്ടായത്. കൂട്ടത്തിലെ മുതിര്‍ന്ന ആളിനും രണ്ടാണുങ്ങള്‍ക്കും ഓരോ മീന്‍ വെച്ച് ലഭിച്ചു. 12 വയസുകാരിയായ ഞാനിരുന്ന് കരഞ്ഞു. വളരെ വേദനിച്ച ഞാന്‍ എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു. തന്റെ ചോദ്യത്തില്‍ അമ്മയടക്കം എല്ലാവരും ഞെട്ടി. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്റെ ജീവിതം ആരംഭിച്ചത് അവിടെ നിന്നാണെന്ന് റിമ പറയുന്നു.

ചോദ്യങ്ങള്‍ ചോദിച്ചാല്‍ വേണ്ടത് ലഭിക്കുമെന്ന ധാരണ മാറിയത് സ്‌കൂള്‍ ജീവിതത്തില്‍ നിന്ന് യഥാര്‍ത്ഥ ജീവിതത്തിലേക്കിറങ്ങിയതിന് ശേഷമാണ്. ചോദ്യങ്ങള്‍ ചോദിച്ചാല്‍ വിലക്കുന്നൊരു മേഖലയിലാണ് താന്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. അഡ്ജസ്റ്റ് , കോംപ്രമൈസ്, ഷെല്‍ഫ് ലൈഫ്, സ്മൈല്‍ മോര്‍ തുടങ്ങിയ വാക്കുകളാണ് സിനിമാ മേഖഖലയില്‍ നിന്ന് തന്നെ സ്വീകരിച്ചതെന്നും റിമ പറയുന്നു.

ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രത്തില്‍ നാല് സ്ത്രീ കഥാപാത്രങ്ങളാണുള്ളതെന്നും റിമ പറയുന്നു. വഴക്കാളിയായ ഭാര്യ, നായകനെ മോഹിപ്പിക്കാന്‍ വേണ്ടി മാത്രം സ്‌ക്രീനില്‍ വരുന്ന സെക്സ് സൈറന്‍, തെറിവിളിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന അമ്മായി അമ്മ, കുട്ടികളെ പെറ്റുകൂട്ടുന്ന മറ്റൊരു ഭാര്യ. നമുക്ക് മുന്‍പുള്ളവര്‍ക്ക് ചോദിക്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാമെന്നും അതിനാല്‍ നമുക്ക് ശേഷം വരുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരില്ലെന്നും പറഞ്ഞാണ് റിമ അവസാനിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular