ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നു, ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.പണ്ടുതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്റെ മറുരൂപമാണ് ഹര്‍ത്താലുകളെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.പൗരന്റെ ജീവന്‍ രക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമയാണെന്നും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും ഹര്‍ത്താലുകള്‍ ദോഷം ചെയ്യുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

2005ലെ എല്‍.ഡി.എഫ് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ കാഴ്ച നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.കളമശേരി സ്വദേശിയായ ചന്ദ്രബോസ് സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരിക്കെ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് മിനി ലോറിയുമായി വരുന്നതിനിടെ കൊയിലാണ്ടിക്കു സമീപം വെച്ച് ഹര്‍ത്താലനുകൂലികള്‍ നടത്തിയ കല്ലേറിനിടെയാണ് അദ്ദേഹത്തിനു വലതു കണ്ണിന്റെ കാഴ്ച നഷ്ടമാവുന്നത്.

14 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണു അദ്ദേഹം കോടതിയിലെത്തിയത്. സര്‍ക്കാര്‍ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ വിധി. തുകയുടെ 75 ശതമാനം എല്‍.ഡി.എഫ് കണ്‍വീനര്‍, സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എന്നിവരില്‍ നിന്ന് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതിനാല്‍ ബന്ദ്, ഹര്‍ത്താല്‍ ദിനങ്ങളിലെ നാശനഷ്ടങ്ങള്‍ക്കു പരിഹാരം നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും സിംഗിള്‍ ജഡ്ജി വ്യക്തമാക്കുകയുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular