പ്രകാശ് രാജ് പങ്കെടുത്ത സ്റ്റേജ് ഗോമൂത്രം തളിച്ച് ശുദ്ധികര്‍മം നടത്തി യുവമോര്‍ച്ച, ചില ബുദ്ധിജീവികള്‍ ഹിന്ദുക്കളുടെ ആരാധനാ സ്ഥലങ്ങള്‍ മലിനപ്പെടുത്തുന്നുവെന്ന് വിശദീകരണം

ബംഗളുരു: കര്‍ണാടകയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ സ്റ്റേജ് ഗോമൂത്രം തളിച്ച് ശുദ്ധികര്‍മം നടത്തി ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഇടതുപക്ഷം സിര്‍സിയിലെ രാഘവേന്ദ്ര മഠത്തില്‍ സംഘടിപ്പിച്ച പരിപാടി അവസാനിച്ച ശേഷമായിരുന്നു സംഭവം.കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനന്ത്കുമാര്‍ ഹെഗ്ഡേയ്ക്കെതിരെ നടത്തിയ പരാമര്‍ശമാണ് യുവമോര്‍ച്ചയെ ചൊടിപ്പിച്ചത്. സംക്രാന്തി ദിനത്തില്‍ യുവമോര്‍ച്ച സിറ്റി യൂണിറ്റ് നേതാവ് വിശാല്‍ മറാത്തെയുടെ നേതൃത്വത്തിലാണ് ശുദ്ധികര്‍മം നടത്തിയത്.

സ്വയം പ്രഖ്യാപിത ബുദ്ധിജീവികളായ ചിലര്‍ ഹിന്ദുക്കളുടെ ആരാധനാ സ്ഥലങ്ങളില്‍ വന്ന് മലിനപ്പെടുത്തുകയാണെന്ന് വിശാല്‍ മറാത്തെ പറഞ്ഞു. സാമൂഹ്യവിരുദ്ധരായ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് സമൂഹം മാപ്പുനല്‍കില്ലെന്നും മറാത്തെ പറഞ്ഞു.ശുദ്ധികര്‍മത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രകാശ് രാജ് താന്‍ പോകുന്ന ഇടങ്ങളിലെല്ലാം ഗോമൂത്രവുമായി വന്ന് ഇവര്‍ വൃത്തിയാക്കുമോ എന്നാണ് പ്രതികരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular