ന്യൂഡല്‍ഹി: ജഡ്ജിമാരുടെ പ്രതിഷേധത്തിന് ശേഷം കൊളീജിയത്തിലെ അംഗങ്ങളായ നാല് മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കി. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയ നിര്‍ണായക കേസുകളാണ് നിലവില്‍ ബെഞ്ചിന് മുന്‍പിലുള്ളത്. ഇവ പരിഗണിക്കുന്നതില്‍ നിന്നാണ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് ജഡ്ജിമാരെ ഒഴിവാക്കാനുള്ള തീരുമാനം. എ.കെ സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരെയാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് നിര്‍ണായക കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത്. പ്രതിഷേധം മാധ്യമങ്ങളിലൂടെ ജനമധ്യത്തിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ പുതിയ നടപടി.