ഇരിപ്പിടം ലഭിച്ചത് വ്യവസായി എം.എ യൂസഫലിക്കും പിന്നില്‍… ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സീറ്റുകള്‍ ക്രമീകരിച്ചതിലെ അപാകതയില്‍ പ്രതിഷേധിച്ച് ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി. വ്യവസായി എം.എ.യൂസഫലിക്കും പുറകിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ സീറ്റ്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് എം.കെ മുനീര്‍ അറിയിച്ചു. താന്‍ ഇരിക്കുന്ന കസേര ചെറുതാകാന്‍ പാടില്ലെന്നതു കൊണ്ടാണ് സമ്മേളനം ബഹിഷ്‌കരിച്ചത്. പിന്നില്‍ ഇരിക്കുന്നത് തന്നെ പിന്തുണക്കുന്ന എം.എല്‍.എ മാരെ ചെറുതാക്കുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് ഇനി എന്തു വേണമെന്ന് തീരുമാനിക്കുമെന്നും മുനീര്‍ പറഞ്ഞു.

ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിനമാണ് ഇന്ന് നിയമസഭാ മന്ദിരത്തില്‍ തുടങ്ങുന്നത്. 9.30നാണ് സമ്മേളനം ആരംഭിക്കുക. സഭയുടെ രൂപീകരണം സംബന്ധിച്ചു ചീഫ് സെക്രട്ടറി പോള്‍ ആന്റണി പ്രഖ്യാപനം നടത്തും. തുടര്‍ന്നു സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും.സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. പ്രതിപക്ഷ നേതാവാണു സഭയുടെ ഉപനേതാവ്.

ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, വിവിധ റീജ്യണലുകളുടെ പ്രതിനിധികള്‍, എന്‍ആര്‍ഐ വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ വ്യക്തമാക്കും. എന്നിവര്‍ പങ്കെടുക്കും. ഉച്ചഭക്ഷണത്തിനുശേഷം 2.30നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും.

2.30ന് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. 4.30നു മേഖലാ ചര്‍ച്ചകളുടെ അവതരണം. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍. പ്രഭാവര്‍മ രചിച്ചു ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാരിയറും ഒരുക്കുന്ന സംഗീതപരിപാടി എന്നിവയും ഉണ്ടാകും. നാളെ രാവിലെ മുതല്‍ വിവിധ മേഖലാ സമ്മേളനങ്ങള്‍ നടക്കും. ലോക കേരളസഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും. തുടര്‍ന്നു വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ്. സമാപനത്തോടനുബന്ധിച്ചു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.

ഇന്നു രാവിലെ 11നു പ്രവാസലോകത്തിന്റെ വര്‍ത്തമാനം, ഭാഷ, കാലം, സംസ്‌കാരം എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. ശശികുമാറാണ് മോഡറേറ്റര്‍. ജേക്കബ് ജോര്‍ജ് അവതാരകനാകും. ശോഭന, ടി.ജെ.എസ്.ജോര്‍ജ്, എം.മുകുന്ദന്‍, സച്ചിദാനന്ദന്‍, രേവതി തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്നര മണിക്കൂര്‍ വീതമുള്ള മൂന്നു സെഷനുകളായാണു ചര്‍ച്ച. വൈകിട്ട് മൂന്നിനു ശാസ്ത്രസാങ്കേതികം: സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തില്‍ ചര്‍ച്ച. മുരളി തുമ്മാരുകുടി മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ കെ.കെ.കൃഷ്ണകുമാര്‍ അവതാരകനാകും. ക്രിസ് ഗോപാലകൃഷ്ണന്‍, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular