പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പുസ്തകത്തിന് പിന്നില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്റെ കോപ്പുകൂട്ടലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ് നബിയെ കളങ്കപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നബിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളോടെ ആര്‍.എസ്.എസ് പുറത്തിറക്കിയ പുസ്തകം രണ്ടാംക്ലാസിലെ കുട്ടികളുടെ ബാഗില്‍ തിരുകിക്കയറ്റിയതിന് പിന്നില്‍ നിഗൂഢ നീക്കമുണ്ടെന്നും അവര്‍ ആരോപിച്ചു.

‘കഴിഞ്ഞദിവസം ഒരു പുസ്തകം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു സ്വകാര്യ പുസ്തകമാണത്. ആര്‍.എസ്.എസ്സാണ് ഇത്തരം പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു പുസ്തകം ഞങ്ങള്‍ കണ്ടെടുക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.’ മമത പറഞ്ഞു

‘പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണിത്.’ മമത കൂട്ടിച്ചേര്‍ത്തു.

പുസ്‌കം വീട്ടില്‍ കൊണ്ടുപോകുന്ന കുട്ടികള്‍ അത് ഉറക്കെ വായിക്കുമ്പോള്‍ പ്രശ്നമുണ്ടാകണമെന്നാണ് അവര്‍ കരുതുന്നത്. എത്രത്തോളം ഹീനമാണ് അവരുടെ പദ്ധതികളെന്ന് ആലോചിക്കണമെന്നും ആ കെണിയില്‍ ആരും വീഴരുതെന്നും മമത പറഞ്ഞു.

പുസ്തകം വിപണിയിലും വില്‍പനക്കെത്തിച്ചിട്ടുണ്ടെന്നും വടക്കന്‍ ബംഗാളിലെ ആലിപുര്‍ദ്വാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.

SHARE